നഗരത്തിലെ സര്‍ക്കാർ പ്രീപ്രൈമറി സ്കൂളുകളിൽ ശിശു സൗഹൃദ ക്ലാസ് മുറികളൊരുക്കി
ആലപ്പുഴ നഗരസഭ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരത്തിലെ സര്‍ക്കാർ പ്രീപ്രൈമറി സ്കൂളുകളിൽ ശിശു സൗഹൃദ ബഞ്ചും ഡസ്കും വിതരണം ചെയ്തു. എസ്ഡിവി ജെബി സ്കൂളിൽ നഗരസഭാധ്യക്ഷ കെ കെ ജയമ്മ വിതരണോദ്ഘാടനം നിർവഹിച്ചു. നഗരസഭ വാർഷിക പദ്ധതിയിൽ 24 ലക്ഷം രൂപ വകയിരുത്തി നഗരത്തിലെ മുഴുവൻ സര്‍ക്കാർ പ്രീപ്രൈമറി സ്കൂളുകളിലും ആവശ്യാനുസരണം അനുയോജ്യമായ മേശയും കസേരയുമാണ് സൗജന്യമായി വിതരണം ചെയ്തത്. കുട്ടികൾക്ക് മുഖാമുഖം കാണുന്ന രീതിയില്‍ വൃത്താകൃതിയിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ക്ലാസ് മുറികളിൽ ഇവ ക്രമീകരിക്കുക.
ചടങ്ങിൽ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ആർ വിനീത അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ എം ആർ പ്രേം, എം ജി സതീദേവി, എ എസ് കവിത, നസീർ പുന്നക്കൽ, നഗരസഭാഗംങ്ങളായ കെ ബാബു, പി രതീഷ്, ബി നസീർ, ഗോപിക വിജയപ്രസാദ്, മോനിഷ ശ്യാം, ജ്യോതി പ്രകാശ്, ഹെലൻ ഫെർണാണ്ടസ്, പി റഹിയാനത്ത് തുടങ്ങിയവർ പങ്കെടുത്തു.

