കെല്‍ട്രോണിലെ ഇലക്ട്രോണിക് ഇന്റഗ്രേഷൻ ബേയുടെ ശിലാസ്ഥാപനം നിർവഹിച്ചു
വിഷൻ 2031ൻ്റെ ഭാഗമായി രണ്ടായിരം കോടിരൂപയുടെ ടോൺ ഓവർ ലക്ഷ്യമിട്ടാണ് കെൽട്രോൺ പ്രവർത്തനങ്ങൾ മുന്നേറുന്നതെന്ന് വ്യവസായ, നിയമവകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. പ്രതിരോധ വിപണിയിലേക്കുള്ള ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ട് രൂപീകരിച്ച കെൽട്രോൺ ക്രാസ്നി ഡിഫൻസ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് (കെകെഡിഎസ്) കമ്പനിയുടെ ഇലക്ട്രോണിക് ഇന്റഗ്രേഷൻ ബേയുടെ ശിലാസ്ഥാപനം അരൂർ കെൽട്രോണിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധ മേഖലയിൽ കെൽട്രോൺ നൽകുന്ന സംഭാവനകൾ സമാനതകളില്ലാത്തതാണ്. വിയറ്റ്നാമിലെ കമ്പനികള്‍ ഉൾപ്പടെയുള്ളവയുമായി സഹകരിച്ച് കെൽട്രോൺ ഇന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഓരോ വീടും സംരംഭ കേന്ദ്രമാക്കുകയാണ് സർക്കാർ ലക്ഷ്യം. ഇത്തരത്തില്‍ ഓരോ വീടിന്റെയും 50 ശതമാനം ഭാഗം സംരംഭങ്ങൾക്കായി ലൈസൻസ് നേടി ഉപയോഗിക്കാനാകും. മാത്രമല്ല, ഒഴിഞ്ഞുകിടക്കുന്ന വീടുകളെ പൂർണ്ണമായും സംരംഭങ്ങൾക്ക് വിനിയോഗിക്കാനാവും. ഉയർന്നവിദ്യാഭ്യാസ യോഗ്യതയുള്ള വീട്ടമ്മമാർക്ക് ആവശ്യമായ പരിശീലനം നൽകി ഇലക്ട്രോണിക് അസംബ്ലിംഗ് പോലുള്ള ചെറുകിട തൊഴിലവസരങ്ങൾ വീടുകളില്‍ തന്നെ ഒരുക്കുകയാണ് വിഷൻ 31ന്റെ ലക്ഷ്യം. ഇതിൽ കെൽട്രോണിന് പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
വിദേശരാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തുന്ന ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള 40000ഓളം തൊഴിലാളികൾക്ക് ഇവിടെതന്നെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സര്‍വകലാശാലകളിലും ഉന്നതവിദ്യാഭ്യാസ മേഖലകളിലും ഇവരെ നമുക്ക് ഉപയോഗിക്കാൻ കഴിയും. പത്ത് കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾക്ക് സംസ്ഥാനത്ത് ഇതിനകം അനുമതി നൽകിയിട്ടുണ്ടെന്നും ഇതിലൂടെ വിജ്ഞാന സമ്പദ് വ്യവസ്ഥ കൂടുതൽ കരുത്താർജ്ജിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതിരോധ മേഖലയിലെ കെല്‍ട്രോണിന്റെ പുതിയ ചുവടുവെപ്പാണ് കെകെഡിഎസ്. ജലത്തിനടിയില്‍ പ്രവര്‍ത്തിക്കുന്ന പ്രതിരോധ ഇലക്ട്രോണിക് സംവിധാനങ്ങളുടെ നിര്‍മ്മാണ മേഖലയിൽ കെൽട്രോണിന്റെ മികച്ച സാങ്കേതിക ശേഷികള്‍ ഉപയോഗപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ചടങ്ങിൽ ദലീമ ജോജോ എംഎൽഎ അധ്യക്ഷയായി.

