എസി റോഡ് നിർമ്മാണം ഡിസംബറില്‍ പൂര്‍ത്തിയാകും
എസി റോഡ് നിർമ്മാണം 95 ശതമാനം പൂര്‍ത്തിയായതായും ഡിസംബറോടെ റോഡ് ഗതാഗത സജ്ജമാകുമെന്നും ജില്ലാ വികസന സമിതി. ഡെപ്യൂട്ടി കളക്ടര്‍ ആര്‍ സുധീഷിന്റെ അധ്യക്ഷതയില്‍ ആസൂത്രണസമിതി ഹാളില്‍ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് കെ എസ് ടി പി അധികൃതർ ഇക്കാര്യം അറിയിച്ചത്. യോഗത്തില്‍ എംഎല്‍എമാരായ പി പി ചിത്തരഞ്ജന്‍, തോമസ് കെ തോമസ് എന്നിവര്‍ പങ്കെടുത്തു.
ഹൗസ് ബോട്ട് മലിനജലം ഹൗസ് ബോട്ടിനുള്ളില്‍ വെച്ച് സംസ്കരിക്കുന്നതിന് ഹൗസ് ബോട്ട് ഉടമകളുടെ അസോസിയേഷനുമായി ധാരണപത്രം ഒപ്പിട്ടതായും കൈനകരിയില്‍ എസ് ടി പി നിര്‍മ്മാണം തുടങ്ങിയതായും പി പി ചിത്തരഞ്ജന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി ജില്ലാ ശുചിത്വ മിഷന്‍ കേ ഓഡിനേറ്റര്‍ യോഗത്തെ അറിയിച്ചു. പുനര്‍ഗേഹം പദ്ധതി ഗുണഭോക്താക്കള്‍ക്കായി പുറക്കാട് വില്ലേജിലെ മണ്ണുംപുറത്ത് നിര്‍മ്മിക്കുന്ന ഫ്ലാറ്റുകളിലേക്ക് മാറിത്താമസിക്കാന്‍ ജില്ലയിലെ 26 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ സന്നദ്ധരായതായും ഫ്ലാറ്റ് സമുച്ചയത്തിലെ 50 ഫ്ലാറ്റുകള്‍ അതിദരിദ്ര കുടുംബങ്ങള്‍ക്ക് അനുവദിക്കുമെന്നും എച്ച് സലാം എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ജില്ലാ കോടതിപ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍മ്മാണപ്രവൃത്തികള്‍ക്ക് തടസ്സമായ മത്സ്യകന്യകയുടെ ശില്‍പം സൈറ്റില്‍ നിന്ന് നീക്കി നിര്‍മ്മാണപ്രവൃത്തി തുടരാന്‍ തീരുമാനിച്ചതായി കെ ആര്‍ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ആലപ്പുഴ മൊഗാ ടൂറിസം സര്‍ക്യൂട്ടുമായി ബന്ധപ്പെട്ട് നിര്‍മ്മാണം പൂര്‍ത്തീകരിച്ച എല്ലാ ഹൗസ് ബോട്ട് ടെര്‍മിനലുകളും ഡിടിപിസിക്ക് കൈമാറിയതായി വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. അരൂക്കുറ്റി ഹൗസ് ബോട്ട് ടെര്‍മിനലിന്റെ ലൈസന്‍സിയും താല്‍ക്കാലിക നിര്‍മ്മാണപ്രവൃത്തികളും പൂര്‍ത്തീകരിച്ചതായും ഉടന്‍ ഉദ്ഘാടനം നടത്തി ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഡിറ്റിപിസി സെക്രട്ടറി യോഗത്തെ അറിയിച്ചു.
കുട്ടനാട് പ്രദേശത്ത് ഉച്ചവേലിയേറ്റം മൂലം വീടുകളിലേക്ക് വെള്ളം കയറുന്നത് തടയുന്നതിന് ജലസേചന, കൃഷി വകുപ്പുകള്‍ സംയുക്തപരിശോധന നടത്തുകയും നാല്‍ക്കവലയാര്‍ ഭാഗത്തും ചെമ്പ് തോട് പുളിക്കീഴ് ആറുമായി ചേരുന്ന ഭാഗത്തും ഷട്ടര്‍ സ്ഥാപിച്ചാല്‍ പ്രശ്നപരിഹാരമാവുമെന്ന് കണ്ടെത്തിയതായും അതിനുള്ള നടപടികള്‍ ആരംഭിച്ചതായും ജലസേചന വകുപ്പ് അധികൃതര്‍ അറിയിച്ചു.
കായംകുളം ഗവ. ടൗണ്‍ യുപിഎസിന്റെ പഴയ കെട്ടിടം പൊളിച്ചു നീക്കിയതായും പുതിയ കെട്ടിട നിര്‍മ്മാണം ആരംഭിച്ചതായും വിദ്യാഭ്യാസ ഡെ. ഡയറക്ടര്‍ അറിയിച്ചു. അരൂർ-തുറവൂർ ഉയരപ്പാതയുടെ ഭാഗങ്ങളിൽ കാനകൾ അടഞ്ഞ് കിടക്കുന്നത് മൂലം വീടുകൾ വെള്ളക്കെട്ടിലാകുന്നത് സംബന്ധിച്ച് കെ സി വേണുഗോപാൽ എം പി ഉയർത്തിയ പരാതിയിൽ മേഖലയിൽ 6 കി.മീ ഡ്രെയിനേജ് പൂർത്തിയായതായി എൻ എച്ച് എ ഐ അധികൃതർ അറിയിച്ചു. കുട്ടനാട്ടിൽ രണ്ടാം കൃഷി വിളവെടുപ്പ് സമയമാണെന്നും കൊയ് ത്ത് യന്ത്രത്തിന് ക്ഷാമം അനുഭവപ്പെടുന്നത് പരിഹരിക്കണമെന്നും നെല്ലെടുപ്പുമായി ബന്ധപ്പെട്ട്
മില്ലുകളുമായി ഒത്തുതീർപ്പിലെത്തണമെന്നും കൊടിക്കുന്നിൽ സുരേഷ് എം പി യുടെ പ്രതിനിധി ആവശ്യപ്പെട്ടു. തകഴി ഫയർ സ്റ്റേഷൻ നിലവിലെ കെട്ടിടത്തിൻ്റെ അറ്റകുറ്റപ്പണി പൂർത്തീകരിച്ചതായി തോമസ് കെ തോമസ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി പൊതുമരാമത്ത് വകുപ്പ് കെട്ടിട നിർമാണ വിഭാഗം അറിയിച്ചു. ചക്കുളത്തുകടവ് പാലം നിര്‍മാണം പൂര്‍ത്തിയായതായും ശാര്‍ങ്ങക്കാവ് പാലം നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുത്ത് കൈമാറിയതായും അപ്രോച്ച് റോഡ് നിര്‍മാണം പുരോഗമിക്കുന്നതായും പൊതുമരാമത്ത് പാലം വിഭാഗം യോഗത്തെ അറിയിച്ചു. ജില്ലയിലെ നവകേരള സദസ്സ് പദ്ധതികളുടെ അവലോകനം, പ്ലാന്‍ സ്പേസ്, എം പി ലാഡ്സ്, എംഎല്‍എ, എല്‍ എസ് ജി ഐ പദ്ധതികളുടെ പുരോഗതി അവലോകനം, മാലിന്യമുക്തം നവകേരളം പ്രവര്‍ത്തനങ്ങളുടെ അവലോകനം എന്നിവയും യോഗത്തില്‍ നടന്നു.
ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ എം പി, എം എൽ എമാരുടെ പ്രതിനിധികൾ, ജില്ലാ പ്ലാനിങ് ഓഫീസർ ലിറ്റി മാത്യു, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

