
വിഷൻ 2031: ടൂറിസം സെമിനാർ സംഘാടക സമിതി യോഗം ചേർന്നു
വിഷൻ 2031ൻ്റെ ഭാഗമായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഒക്ടോബർ 25 ന് നടക്കുന്ന സെമിനാറിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് സംഘാടക സമിതിയുടെയും ഉപസമിതികളുടെയും ആലോചനാ യോഗം കുട്ടിക്കാനം മരിയൻ കോളേജിൽ മന്ത്രി റോഷി അഗസ്റ്റിൻ്റെ അധ്യക്ഷതയിൽ ചേർന്നു.
വിനോദസഞ്ചാര മേഖലയിൽ കേരളം ഇതുവരെ കൈ വരിച്ചിട്ടുള്ള നേട്ടങ്ങൾ നിലനിർത്തുന്നതിനോടൊപ്പം കേരളത്തെ ലോകത്തിലെ മികച്ച ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പദ്ധതികളും പ്രവർത്തനങ്ങളുമാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്.
നൂതന സംവിധാനങ്ങൾ രൂപപ്പെടുത്തിയും നൂതന ഉൽപ്പന്നങ്ങൾ ആവിഷ്‌കരിച്ചും ടൂറിസം മേഖലയെ മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങൾ സെമിനാറിൽ ചർച്ച ചെയ്യും.
വിവിധ സമിതികളുടെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. സെമിനാറിൻ്റെ വിജയകരമായ നടത്തിപ്പിനുള്ള മുന്നൊരുക്കങ്ങൾ ഉടൻ പൂർത്തീകരിക്കാൻ മന്ത്രി നിർദേശം നൽകി.
സഹകരണ പെൻഷൻ ബോർഡ് ചെയർമാൻ ആർ. തിലകൻ, ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.എസ്. രാജൻ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, സംഘടനാ ഭാരവാഹികൾ, എന്നിവരും ടൂറിസം വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഓൺലൈനായും യോഗത്തിൽ പങ്കെടുത്തു.