
കോട്ടയത്തെ മൂന്ന് പച്ചത്തുരുത്തുകൾക്ക് സംസ്ഥാനതല അംഗീകാരം
ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സ്ഥാപിച്ച പച്ചത്തുരുത്തുകൾക്കുള്ള സംസ്ഥാന പുരസ്‌കാരത്തിൽ നേട്ടവുമായി കോട്ടയം ജില്ല. ജില്ലയിലെ മൂന്ന് പച്ചത്തുരുത്തുകൾക്കാണ് അംഗീകാരം ലഭിച്ചത്.
തദ്ദേശ സ്വയംഭരണ വിഭാഗത്തിൽ കല്ലറ ഗ്രാമപഞ്ചായത്തിന് അഞ്ചാം സ്ഥാനവും ഇതേ വിഭാഗത്തിൽ കടനാട് ഗ്രാമപഞ്ചായത്തിന് പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചു. വാഴൂർ ഗ്രാമപഞ്ചായത്ത് പ്രത്യേക ബഹുമതിയും നേടി. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരവും ബഹുമതിപത്രവും നൽകി. .
കല്ലറ ഗ്രാമപഞ്ചായത്തിലെ പെരുന്തുരുത്ത് എസ്.കെ.വി.യു.പി.എസ്. ഗ്രൗണ്ടിന് സമീപം 25 സെന്റ് ഭൂമിയിൽ ഒരുക്കിയിട്ടുള്ള പച്ചത്തുരുത്ത് ജൈവവൈവിധ്യത്തിന്റെയും ഔഷധസസ്യ സമൃദ്ധിയുടെയും വേറിട്ട കാഴ്ചയായി കണ്ടെത്തി. 52 ഇനങ്ങളിലുള്ള ഇരുനൂറിലധികം സസ്യങ്ങളാണ് ഇവിടെയുള്ളത്. ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും കല്ലറയിലെ പച്ചത്തുരുത്തിനായിരുന്നു. കടനാട് തോടിന്റെ ഇരുകരകളിലുമായി കടനാട് ഗ്രാമപഞ്ചായത്ത് വെച്ചുപിടിപ്പിച്ച പച്ചത്തുരുത്തിനാണ് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചത്.