
മന്ത്രിസഭാ തീരുമാനങ്ങൾ (13/09/2025)
➣ 2025ലെ കേരള ഏക കിടപ്പാടം സംരക്ഷണ ബിൽ കരടിന് അംഗീകാരം
2025ലെ കേരള ഏക കിടപ്പാടം സംരക്ഷണ ബിൽ കരടിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണത്താൽ ( മനപ്പൂർവമായി വീഴ്ച വരുത്താത്ത ) തിരിച്ചടവ് മുടങ്ങിയെന്ന് നിർദിഷ്ട സമിതികൾ കണ്ടെത്തിയ കേസുകളിൽ അവരുടെ ഏക പാർപ്പിടം നഷ്ടപ്പെടും എന്ന അവസ്ഥ വരുമ്പോൾ പാർപ്പിടാവകാശം സംരക്ഷിക്കുന്ന ബില്ലാണിത്.
പ്രതിവർഷം മൂന്നുലക്ഷം രൂപയിൽ താഴെ വരുമാനം ഉള്ളവർക്കും ആകെ വായ്പാതുക 5 ലക്ഷം രൂപയും പിഴയും പിഴപ്പലിശയും അടക്കം 10 ലക്ഷം രൂപയും കവിയാത്ത കേസുകൾക്കുമാണ് കർശന ഉപാധികളോടെ നിയമപരിരക്ഷ ലഭിക്കുക.
➣ വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ കരട് അംഗീകരിച്ചു
2025ലെ വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ കരട് മന്ത്രിസഭായോഗം അംഗീകരിച്ചു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നതിനുള്ളതാണ് ബില്ല്. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം കേന്ദ്ര നിയമത്തിൽ ഇത്തരമൊരു ഭേദഗതി കൊണ്ടുവരുന്നത്.
➣ 2025ലെ കേരള വന ഭേദഗതി ബില്ലിൻ്റെ കരടിന് അംഗീകാരം
1961 ലെ കേരള വന നിയമം ഭേദഗതി ചെയ്യുന്നതിനുള്ള 2025ലെ കേരള വന ഭേദഗതി ബില്ലിൻ്റെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നൽകി.
സ്വകാര്യ ഭൂമിയിലെ ചന്ദന മരങ്ങൾ വനം വകുപ്പ് മുഖേന മുറിച്ച് വില്പന നടത്തി അതിൻ്റെ വില കർഷകന് ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥയാണ് ബില്ലിലുള്ളത്.
—-