
ക്ഷേത്രത്തിലെത്തിയ യുവതിയുടെ ബാഗിൽ നിന്ന് ഐഫോണും 10,000 രൂപയും കവർന്നു
ക്ഷേത്രത്തിൽ തൊഴാനെത്തിയ യുവതിയുടെ ബാഗിൽ നിന്ന് ഫോണും പണവും കവർന്ന കേസിലെ പ്രതി പിടിയിൽ. 70,000 രൂപ വില വരുന്ന ഐഫോണും 10,000 രൂപയുമാണ് മോഷ്ടിച്ചത്. അതിയന്നൂർ വില്ലേജിൽ കുഴിവിള തെങ്കവിള വാർഡിൽ മാങ്കൂട്ടത്തിൽ സനൽ കുമാർ (50) ആണ് മ്യൂസിയം പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 26-നായിരുന്നു സംഭവം. പിഎംജിയിലെ ഒടിസി ഹനുമാൻ ക്ഷേത്രത്തിൽ രാവിലെ തൊഴാനെത്തിയ യുവതിയുടെ ബാഗിൽ നിന്നാണ് ഇയാൾ ഐഫോണും മറ്റൊരു സാംസങ് ഗാലക്സിയുടെ വിലയേറിയ ഫോണും പണവും മോഷ്ടിച്ചത്.
15 മോഷണ കേസിൽ പ്രതിയാണ് സനൽ, മുൻപും സമാന രീതിയിൽ മോഷണം നടത്തിയിട്ടുണ്ട്. സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. എസിപി സ്റ്റുവെർട്ട് കീലർ ന്റെ നേതൃത്വത്തിൽ സിഐ വിമൽ, എസ്.ഐമാരായ വിപിൻ, ബാല സുബ്രഹ്മണ്യം, എ.എസ്.ഐ ഷംല , സിപിഒമാരായ ഷൈൻ, അരുൺ,സുൽഫി എന്നിവരാണ് പ്രതിയെ പിടി കൂടിയത്.