
ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35 ശതമാനം സംവരണം
സംസ്ഥാനത്തെ എല്ലാ സർക്കാർ ജോലികളിലും 35 ശതമാനം തസ്തികൾ ബിഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രഖ്യാപനം എന്നതാണ് ശ്രദ്ധേയം. 'സംസ്ഥാന സർക്കാർ സേവനങ്ങളിലെ എല്ലാ വിഭാഗങ്ങളിലേക്കും, തലങ്ങളിലേക്കും, തരങ്ങളിലേക്കും നേരിട്ടുള്ള നിയമനങ്ങളിൽ ബിഹാറിലെ സ്ഥിര താമസക്കാരായ വനിതകൾക്ക് മാത്രമായി 35% സംവരണം ഏർപ്പെടുത്തും' എന്നായിരുന്നു നിതീഷ് കുമാറിൻ്റെ പ്രഖ്യാപനം.
'പൊതു സേവനങ്ങളിൽ എല്ലാ തലങ്ങളിലും വകുപ്പുകളിലും സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിനാണ് സർക്കാരിന്റെ ശ്രമം. കൂടുതൽ സ്ത്രീകൾ തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കുകയും ബിഹാറിലെ ഭരണത്തിലും ഭരണനിർവ്വഹണത്തിലും വലിയ പങ്ക് വഹിക്കുകയും ചെയ്യുക എന്നതാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യ'മെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു. പട്നയിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച പുതിയ ബിഹാർ യൂത്ത് കമ്മീഷന്റെ രൂപീകരണവും നിതീഷ് കുമാർ പ്രഖ്യാപിച്ചു. ബിഹാറിലെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിനും, അവരെ പരിശീലിപ്പിക്കുന്നതിനും, അവരെ ശാക്തീകരിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുന്നതിനായി ബിഹാർ യൂത്ത് കമ്മീഷൻ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചുവെന്നായിരുന്നു നിതീഷ് കുമാറിൻ്റെ പ്രഖ്യാപനം. ഇന്ന് ചേർന്ന് മന്ത്രിസഭ ഇതിന് അംഗീകാരം നൽകിയെന്നും ബിഹാർ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ യുവാക്കളുടെ ഉന്നമനവും ക്ഷേമവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ബിഹാർ യുവജന കമ്മീഷൻ സർക്കാരിനെ ഉപദേശിക്കുമെന്നും നിതീഷ് കുമാർ വ്യക്തമാക്കി. യുവാക്കൾക്ക് മികച്ച വിദ്യാഭ്യാസവും തൊഴിലവസരങ്ങളും ഉറപ്പാക്കുന്നതിന് സർക്കാർ വകുപ്പുകളുമായി കമ്മീഷൻ്റെ പ്രവർത്തനം ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.