
കൊക്കെയ്‌ൻ കേസ്: നടൻ ശ്രീകാന്തിനും കൃഷ്ണയ്ക്കും ജാമ്യമില്ല
തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച കൊക്കെയ്‌ൻ കേസിൽ നടൻ ശ്രീകാന്തിനും കൃഷ്ണയ്ക്കും ജാമ്യമില്ല. ഇരുവരുടേയും ജാമ്യാപേക്ഷ ചെന്നൈ കോടതി തള്ളി. ശ്രീകാന്തിന്റെ അറസ്റ്റിന് പിന്നാലെയാണ് നടൻ കൃഷ്ണയെയും ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. 20 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്. കൃഷ്ണയുടെ സുഹൃത്ത് കെവിനും അറസ്റ്റിലായിരുന്നു. ഉന്നതര്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസിൽ മുൻ എഐഎഡിഎംകെ നേതാവും സിനിമാ നിർമ്മാതാവുമായ ടി പ്രസാദിന്‍റെ അറസ്റ്റിന് ശേഷമാണ് കൃഷ്ണയെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത്. കൂടാതെ, രണ്ട് പ്രമുഖ നടിമാരും പൊലീസിന്‍റെ നിരീക്ഷണത്തിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് തമിഴ് സിനിമാ വ്യവസായത്തിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
മെയ് 22-ന് ചെന്നൈയിലെ നുങമ്പാക്കം പ്രദേശത്തെ ഒരു നൈറ്റ്ക്ലബ്ബിന് പുറത്തുണ്ടായ സംഘർഷമാണ് ഈ കേസിന്റെ തുടക്കം. ഈ സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ, മുൻ എഐഎഡിഎംകെ ഐടി വിഭാഗം ഭാരവാഹിയായ ടി പ്രസാദിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഒരു വലിയ മയക്കുമരുന്ന് ശൃംഖലയെ പൊലീസ് കണ്ടെത്തി. പ്രസാദ്, സിനിമാ വ്യവസായത്തിലെ ചില പ്രമുഖ വ്യക്തികൾക്ക് കൊക്കെയ്‌ൻ വിതരണം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. ഇതില്‍ നടന്‍ ശ്രീകാന്തിനെ ജൂണ്‍ 23നാണ് അറസ്റ്റ് ചെയ്തത്. കിൽപോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ രക്തസാമ്പിളുകളിൽ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ശ്രീകാന്തിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു ഗ്രാം കൊക്കെയ്‌നും ഏഴ് ഒഴിഞ്ഞ പാക്കറ്റുകളും കണ്ടെടുത്തു. ഇതിനെ തുടർന്ന് ജൂലൈ 7 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.
ശ്രീകാന്തിന്റെ മൊഴിയിൽ കൃഷ്ണയുടെ പേര് പരാമർശിക്കപ്പെട്ടതിനെ തുടർന്നാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ജൂണ്‍ 25ന് ചോദ്യം ചെയ്യാന്‍ വിളിച്ച കൃഷ്ണയെ ജൂണ്‍ 26നാണ് ഔദ്യോഗികമായി അറസ്റ്റ് ചെയ്തത്. കൃഷ്ണയുടെ വസതിയിൽ നടത്തിയ രണ്ട് മണിക്കൂർ നീണ്ട തെരച്ചിലിൽ പൊലീസിന് മയക്കുമരുന്നുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചില്ലെങ്കിലും ശ്രീകാന്തിന്റെ ഫോൺ രേഖകളിൽ കൃഷ്ണയുമായുള്ള ചാറ്റുകള്‍ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി.