
കേരളത്തിന് പ്രത്യേക അരി വിഹിതം നൽകാനാകില്ലെന്ന് കേന്ദ്രം
ഓണത്തിനായി കേരളത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചതായി കേരളാ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ കുമാർ. കേന്ദ്ര സഹായം ലഭിക്കില്ലെങ്കിലും കേരളത്തിലെ ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഓണ വിപണിയിൽ അരി വില പിടിച്ചു നിർത്താൻ വേണ്ട ഇടപെടൽ നടത്തും. കേരളത്തിൽ എത്തിയ ശേഷം തീരുമാനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
കാർഡ് ഒന്നിന് 5 കിലോ അരി നൽകണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. സാധാരണയിൽ നിന്നും വ്യത്യസ്തമായി കേരളത്തെ സഹായിക്കാൻ കഴിയില്ലെന്നാണ് കേന്ദ്രം മറുപടി നൽകിയത്. നിർത്തിവെച്ച ഗോതമ്പും നൽകില്ല. മണ്ണെണ്ണ വിഹിതം രണ്ട് വർഷമായി ലഭിക്കുന്നില്ല. മണ്ണെണ്ണ കരാറുകാർ പിന്മാറിയതിനാൽ വിതരണത്തിന് തടസ്സം നേരിട്ടു. ഒടുവിൽ പ്രശ്നം കേരള സർക്കാർ പരിഹരിച്ചു. വിട്ടു കിട്ടാൻ ഉള്ള മണ്ണെണ്ണ ഉടൻ വിട്ടു നൽകുമെന്ന് ഇന്ന് കേന്ദ്രം അറിയിച്ചു. മൂന്നുമാസത്തേക്ക് 5676 കിലോ ലിറ്റർ മണ്ണെണ്ണയാണ് അനുവദിച്ചത്. അതെടുക്കാനുള്ള സമയം ജൂൺ 30 വരെ ആയിരുന്നു. ഇത് സെപ്റ്റംബർ 30 വരെ നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രമന്ത്രി ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പുനൽകിയതായും മന്ത്രി വിശദീകരിച്ചു.