
17 വർഷത്തെ ചെപ്പോക്കിലെ നാണക്കേട് തിരുത്തി RCB; ചെന്നൈ സൂപ്പർ കിങ്സിനെ തകർത്ത് റോയൽസ് ചാലഞ്ചേഴ്സ് ബെംഗളൂരു
ചെപ്പോക്ക് സ്റ്റേഡിയത്തിൽ ചരിത്ര വിജയവുമായി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഐപിഎല്ലിൽ കുതിപ്പു തുടരുന്നു. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ 50 റൺസ് വിജയമാണ് ആർസിബി നേടിയത്. ബെംഗളൂരു ഉയർത്തിയ 197 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന സൂപ്പർ കിങ്സിന് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. 17 വർഷങ്ങൾക്കു ശേഷമാണ് ചെന്നൈയുടെ ഹോം ഗ്രൗണ്ടിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഒരു കളി ജയിക്കുന്നത്. സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയും ബെംഗളൂരു തോൽപിച്ചിരുന്നു.
മറുപടി ബാറ്റിങ്ങിൽ ഓപ്പണർ രചിൻ രവീന്ദ്രയാണു ചെന്നൈയുടെ ടോപ് സ്കോറർ. 31 പന്തുകൾ നേരിട്ട താരം 41 റൺസെടുത്തു പുറത്തായി. 99 റൺസെടുക്കുന്നതിനിടെ രചിൻ രവീന്ദ്രയുടേതുൾപ്പടെ ഏഴു ബാറ്റർമാരുടെ വിക്കറ്റുകൾ വീഴ്ത്താൻ ബെംഗളൂരു ബോളർമാർക്കു സാധിച്ചു. രാഹുൽ ത്രിപാഠി (അഞ്ച്), ഋതുരാജ് ഗെയ്ക്‌വാദ് (പൂജ്യം), ദീപക് ഹൂഡ (നാല്), സാം കറൻ (എട്ട്) തുടങ്ങിയ മുൻനിര ബാറ്റർമാർ ചെന്നൈയെ നിരാശപ്പെടുത്തി. 19 പന്തുകൾ നേരിട്ട രവീന്ദ്ര ജഡേജ 25 റൺസെടുത്തു. വാലറ്റത്ത് തകർത്തടിച്ച എം.എസ്. ധോണി 16 പന്തിൽ 30 റൺസുമായി പുറത്താകാതെനിന്നു. ബെംഗളൂരുവിനായി ജോഷ് ഹെയ്സൽവുഡ് മൂന്നും യഷ് ദയാല്‍, ലിയാം ലിവിങ്സ്റ്റൻ എന്നിവർ രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
ആർസിബി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. അർധ സെഞ്ചറി നേടി പുറത്തായ ക്യാപ്റ്റൻ രജത് പാട്ടീദാറാണ് ബെംഗളൂരുവിന്റെ ടോപ് സ്കോറർ. 32 പന്തുകൾ നേരിട്ട താരം 51 റൺസെടുത്തു. ഫില്‍ സോൾട്ട് (16 പന്തിൽ 32), വിരാട് കോലി (39 പന്തിൽ 31) ദേവ്ദത്ത് പടിക്കൽ (14 പന്തില് 27) എന്നിവരാണ് ആർസിബിയുടെ മറ്റു പ്രധാന സ്കോറർമാർ.