
രഞ്ജി ട്രോഫി സെമി: അസറുദ്ദീന് സെഞ്ചുറി; ഗുജറാത്തിനെതിരെ കേരളം മികച്ച സ്കോറിലേക്ക്
രഞ്ജി ട്രോഫി സെമി ഫൈനലില്‍ രണ്ടാം ദിനം ഗുജറാത്തിനെതിരെ മുഹമ്മദ് അസറുദ്ദീന്‍റെ സെഞ്ചുറി കരുത്തില്‍ കേരളത്തിന്‍റെ കുതിപ്പ്. രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഗുജറാത്തിനെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കേരളം 321 റണ്‍സെടുത്തിട്ടുണ്ട്. 102 റണ്‍സുമായി അസറുദ്ദീനും 39 റണ്‍സോടെ സല്‍മാന്‍ നിസാറും ക്രീസില്‍.
രണ്ടാം ദിനം രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെ നഷ്ടമായതോടെ സമ്മര്‍ദ്ദത്തിലായെങ്കിലും പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ 115 റണ്‍സടിച്ച അസറുദ്ദീന്‍- സല്‍മാൻ നിസര്‍ സഖ്യം കേരളത്തെ മികച്ച സ്കോറിലെത്തിച്ചു. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ 85റണ്‍സെടുത്തിരുന്ന അസറുദ്ദീന്‍ ലഞ്ചിനുശേഷമാണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്.106 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അസറുദ്ദീന്‍ 175 പന്തില്‍ 13 ബൗണ്ടറികള്‍ സഹിതമാണ് സെഞ്ചുറി തികച്ചത്. പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 115 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 69 റണ്‍സെടുത്ത ക്യാപ്റ്റൻ സച്ചിന്‍ ബേബിയുടെ വിക്കറ്റാണ് രണ്ടാം ദിനം കേരളത്തിന് നഷ്ടമായത്.