
ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് വിജയത്തുടക്കം
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. നാഗ്പൂരില്‍ നടന്ന ആദ്യ ഏകദിനത്തില്‍ നാല് വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 249 റണ്‍സ് വിജയലക്ഷ്യം 38.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ശുഭ്മാന്‍ ഗില്‍ (87), ശ്രേയസ് അയ്യര്‍ (59), അക്‌സര്‍ പട്ടേല്‍ (52) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ത്തിന് ഇന്ത്യ മുന്നിലെത്തി.
11 ഓവറുകൾ ബാക്കി നിൽക്കേയായിരുന്നു ഇന്ത്യയുടെ മിന്നുന്ന ജയം. 96 പന്തില്‍ 14 ഫോറുകളോടെ 87 റണ്‍സെടുത്ത ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.ശ്രേയസ് അയ്യര്‍ 36 ബോളില്‍ 59 ഉം അക്‌സര്‍ പട്ടേല്‍ 47 ബോളില്‍ 52 ഉം റണ്‍സെടുത്തു. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 47.4 ഓവറില്‍ 248 റണ്‍സ് സ്വന്തമാക്കിയത്. ഇഗ്ലണ്ടിനായി ജോസ് ബട്ട്ലർ (52) , ജേക്കബ് ബഥേൽ(51) അര്‍ദ്ധ സെഞ്ച്വറി നേടി. ഇരുവരുടെയും അർദ്ധ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിനെ 248 റൺസിലേക്ക് നയിച്ചത്.