കേരള ബ്ലാസ്റ്റേഴ്സിന് ഒൻപതാം തോൽവി
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒൻപതാം തോൽവി. 2–1ന് ഈസ്റ്റ് ബംഗാളാണ് ബ്ലാസ്റ്റേഴ്സിനെ തോൽപിച്ചത്. കഴിഞ്ഞ മൂന്നു മത്സരങ്ങളും തോറ്റ ഈസ്റ്റ് ബംഗാൾ, കൊൽക്കത്തയിൽ തകർത്തു കളിച്ച് വിജയം പിടിച്ചെടുക്കുകയായിരുന്നു. പി.വി. വിഷ്ണു (20–ാം മിനിറ്റ്), ഹിജാസി മെഹർ (72) എന്നിവരാണ് ഈസ്റ്റ് ബംഗാളിന്റെ ഗോൾ സ്കോറർമാർ. 84–ാം മിനിറ്റിൽ ഡാനിഷ് ഫറൂഖ് ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ കണ്ടെത്തി. 18 മത്സരങ്ങൾ പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് 21 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. 17 പോയിന്റുള്ള ഈസ്റ്റ് ബംഗാൾ 11–ാമതാണ്.
0–ാം മിനിറ്റിൽ മലയാളി താരം പി.വി വിഷ്ണുവാണ് ആതിഥേയരെ ആദ്യം മുന്നിലെത്തിച്ചത്. സ്പാനിഷ് താരം ക്ലെയ്റ്റൻ സിൽവയുടെ പാസിൽ ബോക്സിന്റെ വലതു ഭാഗത്തുനിന്നും വിഷ്ണു എടുത്ത ഇടം കാൽ ഷോട്ട് കേരള ഗോളി സച്ചിൻ സുരേഷിനെയും മറികടന്നു വലയിലെത്തുകയായിരുന്നു. 27–ാം മിനിറ്റിൽ ദിമിത്രിയോസ് ഡയമെന്റകോസിന്റെ പാസിൽ ക്ലെയ്റ്റൻ സിൽവ എടുത്ത ഷോട്ട് നേരിയ വ്യത്യാസത്തിലാണു ഗോളാകാതെ പോയത്. ബ്ലാസ്റ്റേ്ഴ്സ് ഗോളി സച്ചിൻ സുരേഷിന്റെ കയ്യിൽ തട്ടിപൊങ്ങിയ പന്ത് ബാറിനു മുകളിലൂടെ പുറത്തേക്കുപോകുകയായിരുന്നു.
ആദ്യ പകുതിയിൽ മറുപടി ഗോളിനായി ബ്ലാസ്റ്റേഴ്സ് നടത്തിയ നീക്കങ്ങളൊന്നും ലക്ഷ്യം കണ്ടില്ല. 39–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ ലൂണയുടെ ക്രോസിൽ ഹെസൂസ് ഹിമെനെയെടുത്ത ഹെഡർ ലക്ഷ്യം കാണാതെ പോയി. രണ്ടാം പകുതിയുടെ തുടക്കത്തിലും ഈസ്റ്റ് ബംഗാളായിരുന്നു ആക്രമണങ്ങളിൽ മുന്നിൽനിന്നത്. 67-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിന്റെ നവോറം മഹേഷ് സിങ്ങിന്റെ ഗോൾ നീക്കം നേരിയ വ്യത്യാസത്തിലാണു പുറത്തേക്കുപോയത്. 72–ാം മിനിറ്റിൽ ലഭിച്ച കോർണറിൽനിന്നാണ് ഈസ്റ്റ് ബംഗാളിന്റെ രണ്ടാം ഗോളെത്തിയത്. കോർണറില്‍നിന്ന് പന്തു ലഭിച്ച നവോറം മഹേഷ് സിങ് നൽകിയ ക്രോസിൽ, ഹിജാസി മെഹർ തലവച്ച് പന്ത് വലയിലെത്തിച്ചു. സ്കോർ 2–0. മത്സരം ഏകപക്ഷീയമായി അവസാനിക്കുമെന്നു കരുതിയിരിക്കെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യ ഗോള്‍ നേടുന്നത്. അഡ്രിയൻ ലൂണയെടുത്ത ഫ്രീകിക്ക് ഗോളിലേക്കുള്ള വഴി തുറന്നു. ഈസ്റ്റ് ബംഗാൾ താരങ്ങൾ ലൂണയുടെ കിക്ക് പ്രതിരോധിച്ചെങ്കിലും, പന്തു പിടിച്ചെടുത്ത് ഡാനിഷ് ഫറൂഖ് എടുത്ത ഷോട്ട് കൃത്യമായി വലയിൽ പതിക്കുകയായിരുന്നു. പക്ഷേ സമനില ഗോൾ നേടാന്‍ ബ്ലാസ്റ്റേഴ്സിനു സാധിച്ചില്ല.