ഈഡനിൽ ഇന്ത്യയ്ക്ക് അനായാസ ജയംൽ; അഭിഷേക് ശർമ 34 പന്തിൽ 79 റൺസ്
ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം. ഇന്ത്യയുടെ യുവ ഓപ്പണർ അഭിഷേക് ശർമ തകർത്താടിയ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ 132 റൺസ് എന്ന വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 12.5 ഓവറിൽ വിജയലക്ഷ്യം മറികടന്നു. 20 പന്തിൽ ഫിഫ്റ്റി കണ്ടെത്തിയ താരം 33 പന്തിൽ 79 റൺസുമായി പുറത്തായി. എട്ട് സിക്‌സറും അഞ്ച് ഫോറുകളുമാണ് താരം നേടിയത്.
അഭിഷേക് ശർമയെ കൂടാതെ സഞ്ജു സാംസണും മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ചു. രണ്ടാം ഓവറിൽ നാല് ഫോറുകളും ഒരു സിക്‌സറും അടക്കം 22 റൺസാണ് സഞ്ജു നേടിയത്. ഇംഗ്ലണ്ടിന്റെ പേസ് കുന്തമുനയായ ഗസ് അറ്റ്കിൻസണെയാണ് താരം തല്ലിച്ചതച്ചത് എന്നും ശ്രദ്ധേയം. എളുപ്പത്തിൽ സ്കോർ ചലിപ്പിച്ച സഞ്ജു ഒടുവിൽ ആർച്ചറിന്റെ പന്തിൽ ക്യാച്ച് നൽകി മടങ്ങി. 26 റൺസായിരുന്നു സമ്പാദ്യം. അതേ സമയം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പൂജ്യം റൺസുമായി നിരാശപ്പെടുത്തി. തിലക് വർമ 19 റൺസെടുത്തും ഹാർദിക് പാണ്ഡ്യ മൂന്ന് റൺസെടുത്തും പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിരയിൽ ക്യാപ്റ്റൻ ജോസ് ബട്ട്ലർ മാത്രമാണ് നിറഞ്ഞു കളിച്ചത്. 44 പന്തുകൾ നേരിട്ട് താരം 68 റൺസ് നേടി. രണ്ട് സിക്‌സറും എട്ട് ഫോറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി മൂന്നും അർഷ്ദീപ് സിംഗ്, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.