
റിലീസ് കഴിഞ്ഞ് 3 ദിവസത്തിന് ശേഷം റിവ്യൂസ് ചെയ്‌താൽ മതി; മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് തമിഴ് ചലച്ചിത്ര നിർമ്മാതാക്കൾ
വൻ ഹൈപ്പോടെ തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് തമിഴ് സൂപ്പർ താരം സൂര്യ നായകനായ കങ്കുവ. പ്രതീക്ഷിച്ചത്ര വിജയം കൈവരിച്ചില്ലെന്ന് മാത്രമല്ല താരത്തിനെതിരെ വൻ വിമർശനങ്ങൾക്കും ചിത്രം വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിൽ തീയേറ്ററുകളിൽ സിനിമകൾ റിലീസായി മൂന്ന് ദിവസത്തേക്ക് യൂട്യൂബ് ചാനലുകളിലെ ചലച്ചിത്ര നിരൂപണം നിരോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ് ഫിലിം ആക്റ്റീവ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പെറ്റിഷൻ ഫയൽ ചെയ്തു. മദ്രാസ് ഹൈക്കോടതിയിലാണ് പെറ്റിഷൻ ഫയൽ ചെയ്തിരിക്കുന്നത്.
അഭിഭാഷകനായ വിജയൻ സുബ്രഹ്മണ്യൻ മുഖേനയാണ് ടിഎഫ്എപിഎ കേസ് ഫയൽ ചെയ്തത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പുതുതായി റിലീസ് ചെയ്ത സിനിമകൾ അവലോകനം ചെയ്യുമ്പോൾ ഓൺലൈൻ സിനിമാ നിരൂപകർ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കാൻ കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും നിർദ്ദേശം നൽകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. റിട്ട് ഹർജി ഇന്ന് ജസ്റ്റിസ് എസ്.സൗന്തർ പരിഗണിക്കും.
സിനിമാ നിരൂപണങ്ങളുടെ പേരിൽ വ്യക്തിഹത്യയും വിദ്വേഷവും വളർത്തുന്നതിനെ തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ നേരത്തെ നാല് പേജ് നീണ്ട പ്രസ്താവനയിൽ അപലപിച്ചിരുന്നു. ഇന്ത്യൻ 2, വേട്ടയ്യൻ, കങ്കുവ തുടങ്ങിയ ബിഗ് ബജറ്റ് സിനിമകളെ YouTube FDFS പൊതു നിരൂപണങ്ങൾ വളരെയധികം ബാധിച്ചുവെന്നും തിയേറ്ററുകളിൽ യൂട്യൂബർമാരെ നിരോധിക്കണമെന്നും തമിഴ്‌നാട് ചലച്ചിത്ര നിർമ്മാതാക്കൾ കത്തിൽ ആവശ്യപ്പെട്ടു.