വനിതാ ടി20 ലോകകപ്പ്; ഇന്ത്യൻ വനിതകൾക്ക് തോൽവിയോടെ തുടക്കം; കിവീസിനോട് 58 റൺസിനു തോറ്റു
ട്വന്റി20 ലോകകപ്പിൽ കിരീടപ്രതീക്ഷയുമായി എത്തിയ ഇന്ത്യയ്ക്ക് കനത്ത തോൽവിയോടെ തുടക്കം. ഗ്രൂപ്പ് എയിൽ ആദ്യ മത്സരത്തിൽ കരുത്തരായ ന്യൂസീലൻഡിനോട് 58 റൺസിനാണ് ഇന്ത്യ തോറ്റത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 160 റൺസ്. ഇന്ത്യയുടെ മറുപടി 19 ഓവറിൽ 102 റൺസിൽ അവസാനിച്ചു. നാല് ഓവറിൽ 19 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ റോസ്മെരി മെയ്‌റാണ് ഇന്ത്യയെ തകർത്തത്. ലീ തഹൂഹു നാല് ഓവറിൽ 15 റൺസ് വഴങ്ങി മൂന്നും ഈഡൻ കേഴ്സൻ നാല് ഓവറിൽ 34 റൺസ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി. ലോകകപ്പിനു മുൻപ് ട്വന്റി20യിൽ തുടർച്ചയായി 10 കളികൾ തോറ്റതിന്റെ നാണക്കേടുമായാണ് കിവീസ് യുഎഇയിലെത്തിയത്.
ഓപ്പണര്‍മാരായ ഷഫാലി വര്‍മയും സ്മൃതി മന്ഥാനയും ക്യാപ്റ്റനും ഹര്‍മന്‍പ്രീത് കൗറും പവര്‍പ്ലേയിൽ തന്നെ പുറത്തായതോടെ ഇന്ത്യയുടെ പരാജയം കണക്ക് കൂട്ടിയിരുന്നു. 14 പന്തിൽ രണ്ടു ഫോറുകൾ സഹിതം 15 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഓപ്പണർ സ്മൃതി മന്ഥന (13 പന്തിൽ 12), ജമീമ റോഡ്രിഗസ് (11 പന്തിൽ 13), റിച്ച ഘോഷ് (19 പന്തിൽ 12), ദീപ്തി ശർമ (18 പന്തിൽ 13) എന്നിവരും രണ്ടക്കത്തിലെത്തി. ഓപ്പണർ ഷഫാലി വർമ (2), അരുദ്ധതി റെഡ്ഡി (1), പൂജ വസ്ത്രകാർ (8), ശ്രേയങ്ക പാട്ടീൽ (7), രേണുക ഠാക്കൂർ സിങ് (0) എന്നിവർ തീർത്തും നിരാശപ്പെടുത്തി. മലയാളി താരം ആശ ശോഭന 10 പന്തിൽ ആറു റൺസുമായി പുറത്താകാതെ നിന്നു.
നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 160 റൺസെടുത്തത്. അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ സോഫി ഡിവൈനാണ് ന്യൂസീലൻഡിന് മികച്ച സ്കോർ സമ്മാനിച്ചത്. 36 പന്തുകൾ നേരിട്ട സോഫി ഡിവൈൻ ഏഴു ഫോറുകൾ സഹിതമാണ് 57 റൺസെടുത്തത്. ഇന്ത്യയ്ക്കായി മലയാളി താരം ആശ ശോഭന നാല് ഓവറിൽ 22 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ഓപ്പണർമാരായ ജോർജിയ പ്ലിമ്മർ (23 പന്തിൽ 34), സൂസി ബേറ്റ്സ് (24 പന്തിൽ 27), ബ്രൂക് ഹാലിഡേ (12 പന്തിൽ 16), അമേലിയ ഖേർ (13 പന്തിൽ 22) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. ഇന്ത്യയ്ക്കായി രേണുക ഠാക്കൂർ സിങ് നാല് ഓവറിൽ 27 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ആശ ശോഭന നാല് ഓവറിൽ 22 രൺസ് വഴങ്ങിയും അരുദ്ധതി റെഡ്ഡി നാല് ഓവറിൽ 28 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.