പോളിടെക്നിക്, ഐടിഐ ഡിപ്ലോമധാരികൾക്ക് നൈപുണ്യ പരിശീലനം നേടി തൊഴിലുറപ്പാക്കാൻ അവസരം
പോളിടെക്നിക്, ഐടിഐ ഡിപ്ലോമധാരികളായ തൊഴിലന്വേഷകർക്ക് നൈപുണ്യ പരിശീലനം നേടി തൊഴിലുറപ്പാക്കാൻ അവസരമൊരുങ്ങുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പും വിജ്ഞാനകേരളവും ചേർന്ന് നടപ്പിലാക്കുന്ന ബൃഹത് കർമ്മപരിപാടിയിലൂടെ സംസ്ഥാനത്തെ പോളിടെക്നിക്, ഐടിഐ ഡിപ്ലോമധാരികളായ മുഴുവൻ തൊഴിലന്വേഷകർക്കും ജോലി ഉറപ്പുവരുത്തുകയെന്നതാണ് ലക്ഷ്യം. 2025-26 ൽ പഠനം പൂർത്തീകരിക്കുന്ന വിദ്യാർഥികൾക്ക് പുറമെ മുൻവർഷങ്ങളിൽ പഠനം പൂർത്തീകരിച്ച് തൊഴിൽ ലഭിക്കാത്തവർക്കും ബന്ധപ്പെട്ട കേന്ദ്രങ്ങൾ വഴി നൈപുണി പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കും. ഇതിന്റെ ഭാഗമായി നവംബർ ഏഴുവരെയുള്ള തീയതികളിൽ അവർ പഠിച്ച പോളിടെക്നിക്കുകളിലും ഐടിഐകളിലും രജിസ്‌ട്രേഷനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നവംബർ ഏഴു മുതൽ 15 വരെ വിദ്യാർഥികൾക്കായി കരിയർ കൗൺസിലിങ്ങും സ്കിൽ അസസ്‌മെന്റും നടത്തും. രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് അതാത് സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന രജിസ്ട്രേഷൻ കിയോസ്കുകളുമായി ബന്ധപ്പെടാം.

