സൗദിയിൽ ഇന്ത്യക്കാരനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികൾ അറസ്റ്റിൽ
സൗദിയിൽ ഇന്ത്യക്കാരനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. രണ്ട് എത്യോപ്യൻ പൌരന്മാരെയാണ് ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തത്. ഝാർഖണ്ഡ് സ്വദേശിയായ വിജയ് കുമാർ മഹാതോ ആണ് കൊല്ലപ്പെട്ടത്. സൗദിയിൽ നിയമവിരുദ്ധമായി താമസിക്കുന്ന പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് അറിയിച്ചു. ഒക്ടോബർ 16-ന് ജിദ്ദയിൽ വെച്ചാണ് ജാഖണ്ഡിലെ ഗിരിധ് ജില്ലയിൽ നിന്നുള്ള വിജയ് കുമാർ മഹാതോയ്ക്ക് വെടിയേൽക്കുന്നത്.
ചികിത്സയിലിരിക്കെ ഒക്ടോബർ 24-ന് ആശുപത്രിയില് മരിച്ചു. ടവർ ലൈൻ ഫിറ്റർ ആയി ജോലി ചെയ്യുകയായിരുന്ന വിജയകുമാറിന് 27 വയസ്സ് ആയിരുന്നു പ്രായം. ലഹരി വസ്തുക്കൾ വാങ്ങിയതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണം എന്നാണ് റിപോർട്ട്. ജിദ്ദയിലെ ഒറ്റപ്പെട്ട മലമ്പ്രദേശത്തു വെച്ചായിരുന്നു ഇടപാട് നടന്നതും വെടിവെയ്പ്പ് നടന്നതും.
ജിദ്ദയിലെ ക്രിമിനൽ കോടതിയാണ് കേസ് പരിഗണിക്കുന്നത്. കൊലപാതകം. കള്ളക്കടത്ത്. മയക്കുമരുന്ന് വ്യാപാരം. അനധികൃതമായി സൌദിയില് താമസിക്കൽ തുടങ്ങിയ കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട വിജയ് കുമാറിന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

