കണ്ണൂർ ജില്ലാ ജല ബജറ്റ്, സാധ്യതാ പഠന റിപ്പോർട്ട്, സ്‌മൈൽ 2026 മൊഡ്യൂൾ പ്രകാശനം ചെയ്തു
ജില്ലയിൽ മാതൃകാപരമായ പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കിയ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ജില്ലാ ആസൂത്രണ സമിതി യോഗത്തിന്റെ അഭിനന്ദനം. പദ്ധതി നടത്തിപ്പിൽ സംസ്ഥാനത്തുതന്നെ ശ്രദ്ധനേടാനും അവാർഡുകൾ കരസ്ഥമാക്കാനും ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്കായെന്ന് ആസൂത്രണസമിതി ചെയർപേഴ്സൺ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്നകുമാരി പറഞ്ഞു. വിവിധ മേഖലകളിലായി ജില്ലാ-സംസ്ഥാന തലത്തിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങളെ അനുമോദിച്ചു. യോഗത്തിൽ 14 തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്കും നാല് തദ്ദേശസ്ഥാപനങ്ങളുടെ ആരോഗ്യ ഗ്രാന്റ് പദ്ധതികൾക്കും അംഗീകാരം നൽകി.
ജില്ലയിലെ ജല ലഭ്യത, ജല ഉപയോഗം, ജല ഗുണ നിലവാര വിശദാംശങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ കണ്ണൂർ ജില്ലാ ജലബജറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ കലക്ടർ അരുൺ കെ വിജയന് കൈമാറി പ്രകാശനം ചെയ്തു.ഹയർ സെക്കഡറി, വൊക്കേഷൺ ഹയർസെക്കഡറി പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികൾക്കുള്ള പഠന പിന്തുണാ സഹായി സ്‌മൈൽ 2026 ന്റെ മൊഡ്യൂളും പ്രകാശനം ചെയ്തു. തുടർന്ന് ബസ് സ്റ്റാന്റുകളുടെ ശുചിത്വ ഹരിതവൽക്കരണത്തിനായി നടത്തിയ അഞ്ച് സാധ്യതാ പഠന റിപ്പോർട്ടുകൾ ഹരിത കേരളം മിഷനും ശുചിത്വമിഷനും ചേർന്ന് ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിച്ചു.
കണ്ണൂർ ജില്ലാ ജല ബജറ്റ്
ജില്ലയിലെ ജല ലഭ്യതയും ജല ഉപയോഗവും സംബന്ധിച്ച വിശദ വിവരങ്ങളും ജല ക്ഷാമം നേരിടുന്ന പ്രദേശങ്ങളുടെ വിവരങ്ങളും ജല ഗുണ നിലവാര വിശദാംശങ്ങളും ഉൾപ്പെടുത്തിയാണ് ജലബജറ്റ് തയ്യാറാക്കിയത്. ജല ലഭ്യതയും ജല വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ആധികാരിക രേഖയാണിത്. ജില്ലയിലെ ഓരോ ജില്ലയിലെ പ്രദേശത്തും ഒരു ചെറുകാലയളവിൽ പെയ്തു കിട്ടുന്ന മഴയുടെ ലഭ്യതയും അവിടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ട ജലത്തിന്റെ അളവും താരതമ്യം ചെയ്ത്, ഓരോ സമയത്തും ജലം മിച്ചമാണോ ജലക്കമ്മിയാണോ അനുഭവപ്പെടുന്നത് എന്ന് കണ്ടെത്തുന്ന പ്രവർത്തനമാണ് ജല ബജറ്റിലൂടെ ചെയ്യുന്നത്. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇതിനകം ജല ബജറ്റ് തയ്യാറാക്കിയിട്ടുണ്ട്.
അഞ്ച് സാധ്യതാ പഠന റിപ്പോർട്ട്
ബസ് സ്റ്റാന്റുകളുടെ ശുചിത്വ ഹരിതവൽക്കരണത്തിനായി നടത്തിയ അഞ്ച് സാധ്യതാ പഠന റിപ്പോർട്ടുകളാണ് ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിച്ചത്. ജില്ലയിലെ ബസ് സ്റ്റാന്റുകളിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളും ഹരിതവത്കരണ പ്രവർത്തനങ്ങളും സംബന്ധിച്ച അവസ്ഥ പഠിക്കാൻ മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിത കേരളം മിഷനും ശുചിത്വമിഷനും ചേർന്നാണ് അവസ്ഥാ പഠനം സംഘടിപ്പിച്ചത്. 2024 ഒക്ടോബർ മൂന്നാം വാരത്തിൽ പയ്യന്നൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പഠനമാണ് ജില്ലയിൽ ആദ്യം നടത്തിയത്. തുടർന്ന് ഇരിട്ടി, ശ്രീകണ്ഠാപുരം മുനിസിപ്പൽ ബസ് സ്റ്റാന്റ് അഞ്ചരക്കണ്ടി, ചക്കരക്കല്ല്, പഞ്ചായത്ത് ബസ് സ്റ്റാൻഡുകളെ സംബന്ധിച്ചും പഠനം നടത്തി. ജില്ലയിലെ കോളേജുകളിൽ രൂപീകരിച്ച ഗ്രീൻ ബ്രിഗേഡ് ടീമുകളെയും എൻ.എസ് എസ് ടീമുകളെയും ഉപയോഗപ്പെടുത്തിയാണ് അവസ്ഥാ പഠനം നടത്തിയത്. ബസ് സ്റ്റാന്റുകളുടെ ശുചിത്വ-മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങൾ, അവയുടെ പരിപാലനം, ബസ് സ്റ്റാന്റുകളിലെ മലിന ജല സംസ്‌കരണ സംവിധാനങ്ങൾ, ബസ് സ്റ്റാന്റ് സൗന്ദര്യ വൽക്കരണം തുടങ്ങിയ കാര്യങ്ങളാണ് അവസ്ഥാ പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന യോഗത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ. രത്നകുമാരി അധ്യക്ഷയായിരുന്നു. ജില്ലാ കലക്ടർ അരുൺ കെ വിജയൻ, ആസൂത്രണസമിതി അംഗങ്ങളായ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, എൻ.പി ശ്രീധരൻ, വിജയൻ മാസ്റ്റർ, ശ്രീന പ്രമോദ്, കെ താഹിറ, ടി.യു സരള, ഗവ. നോമിനി കെ.വി ഗോവിന്ദൻ, ഡിപിഒ നെനോജ് മേപ്പടിയത്ത്, തദ്ദേശസ്ഥാപന അധ്യക്ഷന്മാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

