ചെറുതാഴം ഹയർ സെക്കന്ററി സ്‌കൂൾ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു
കുട്ടികൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള പഠനാന്തരീക്ഷം ഒരുക്കുക എന്നത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കല്ല്യാശ്ശേരി മണ്ഡലത്തിലെ ചെറുതാഴം ഹയർ സെക്കന്ററി സ്‌കൂളിന് പുതുതായി നിർമിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരുകാലത്ത് 400 വിദ്യാർഥികൾ മാത്രം പഠിച്ചിരുന്ന ഈ സ്‌കൂളിൽ ഇന്ന് ആയിരത്തിലധികം കുട്ടികൾ പഠിക്കുന്നു എന്നത് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജനങ്ങൾ അർപ്പിച്ച ഉറച്ച വിശ്വാസത്തിന്റെ പ്രതീകമാണെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ 1.20 കോടി രൂപ ചെലവിൽ 96.67 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് പദ്ധതി പൂർത്തിയാക്കിയത്. 500 പേരെ ഉൾക്കൊള്ളാവുന്ന ഓഡിറ്റോറിയത്തിൽ സ്റ്റേജ്, ഹാൾ, ഗ്രീൻ റൂം, ടോയ്ലറ്റ് എന്നിവയുണ്ട്. ഇതോടൊപ്പം ഹയർ സെക്കൻഡറി മിനി ഓഡിറ്റോറിയം, ജിംനേഷ്യം, സ്‌കൂൾ സ്റ്റുഡിയോ കം റേഡിയോ സ്റ്റേഷൻ, ഹൈമാസ് ലൈറ്റ്, വിവിധ കുടിവെള്ള പദ്ധതികൾ, ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ നവീകരിച്ച ഹൈസ്‌കൂൾ സെമി ഓപ്പൺ എയർ ഓഡിറ്റോറിയം, ലാംഗ്വേജ് ലാബ് തുടങ്ങിയ എട്ട് പദ്ധതികൾ കൂടി നടപ്പിലാക്കിയിട്ടുണ്ട്.
എം വിജിൻ എം എൽ എ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി, മുൻ എംഎൽഎ ടി.വി രാജേഷ് എന്നിവർ മുഖ്യാതിഥികളായി. സ്‌കൂൾ പ്രിൻസിപ്പൽ ഡോ. എൻ രാജേഷ് അക്കാദമിക് റിപ്പോർട്ട് അവതരിപ്പിച്ചു.

