വികസന സദസ്സ്: ലൈഫ് പദ്ധതിയില്‍ ചിങ്ങോലി പഞ്ചായത്തിൽ നിർമ്മിച്ചു നൽകിയത് 102 വീടുകൾ
ലൈഫ് ഭവന പദ്ധതിയിലൂടെ 102 കുടുംബങ്ങൾക്ക് വീട് നിര്‍മ്മിച്ചു നല്‍കിയതായും 30 ഭൂരഹിത കുടുംബങ്ങൾക്ക് ഭൂമി നൽകിയതായും ചിങ്ങോലി പഞ്ചായത്ത് വികസന സദസ്സ്. പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച സദസ്സ് പഞ്ചായത്ത് പ്രസിഡന്റ് പത്മശ്രീ ശിവദാസൻ ഉദ്ഘാടനം ചെയ്തു.
13 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്നും മുക്തരാക്കിയതായും പട്ടികജാതി വിഭാഗത്തിന്റെ വീട് വാസയോഗ്യമാക്കൽ പദ്ധതി പ്രകാരം 57 കുടുംബങ്ങൾക്ക് ആനുകൂല്യം ലഭ്യമാക്കിയതായും സദസ്സിൽ അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഗവ. ആയുർവേദ ഡിസ്പെൻസറിക്കായി 54.22 ലക്ഷം രൂപ ചെലവഴിച്ചു. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 42 റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തി. സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി വയോജന ക്ലബ്ബ്, ജാഗ്രതസമിതി, വൃദ്ധജനങ്ങൾക്ക് കട്ടിൽ, ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ എന്നിവ നൽകി.
ചടങ്ങിൽ സ്ഥിരംസമിതി അധ്യക്ഷൻ അനീഷ് എസ് ചേപ്പാട് അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ അശ്വതി തുളസി, പി ശോഭ, പഞ്ചായത്തംഗങ്ങളായ നിബു, സരിത ജയപ്രകാശ്, പ്രമീഷ് പ്രഭാകരൻ, എം ബി ഇന്ദുലത, എ അൻസിയ, പഞ്ചായത്ത് സെക്രട്ടറി എസ് ജയശ്രീ, അസിസ്റ്റന്റ് സെക്രട്ടറി മിനി ശ്രീധർ, റിസോഴ്സ് പേഴ്സൺ യു റോണി, ഹരിതകർമ്മസേനാഗംങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയർ പങ്കെടുത്തു.
(പിആര്‍/എഎല്‍പി/3395

