എസ്.ഐ.ആര്‍ 2025: രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം ചേര്‍ന്നു
സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം-2025 (എസ്.ഐ.ആര്‍) മായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടിയുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. എസ്.ഐ.ആര്‍ നടത്തുന്നതിന്റെ പ്രായോഗികതയും സ്വീകരിക്കേണ്ട നടപടി ക്രമങ്ങളെയും സംബന്ധിച്ച് ജില്ലാ കളക്ടര്‍ യോഗത്തില്‍ സംസാരിച്ചു. വോട്ടര്‍പട്ടിക പരിഷ്‌കരണവും തദ്ദേശ തിരഞ്ഞെടുപ്പും ഒരേ സമയം വരുന്നതിനാല്‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ ജില്ല കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. തിരഞ്ഞെടുപ്പ് കാലത്ത് എസ്.ഐ.ആറുമായി ബന്ധപ്പെട്ട് കൃത്യമായി എല്ലാ സ്ഥലങ്ങളിലേക്കും എത്തിപ്പെടുന്ന കാര്യത്തിലും എസ്.ഐ.ആറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാര്യത്തിലുമുള്ള ആശങ്കകള്‍ പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു. ഈ സമയക്രമം പുനഃപരിശോധിച്ച് സംസ്ഥാനത്തെ എസ്.ഐ.ആര്‍ നടപടികള്‍ മാറ്റിവയ്ക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് അപേക്ഷ സമര്‍പ്പിക്കുവാനും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇവ പരിശോധിച്ച് രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ സംശയങ്ങള്‍ കമ്മീഷനെ അറിയിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ സഹായിക്കുന്നതിനായി ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയമിച്ച് അവര്‍ക്ക് ആവശ്യമായ അവബോധം നല്‍കണം. എല്ലാ വില്ലേജ് ഓഫീസുകളിലേക്കും ബൂത്ത് ലെവല്‍ ഏജന്റുമാരുടെ പട്ടിക നല്‍കേണ്ടതാണെന്നും ജില്ല കളക്ടര്‍ അറിയിച്ചു.
ഒരു ബൂത്ത് ലെവല്‍ ഏജന്റിനു ഒരു ദിവസം പരമാവധി 50 വോട്ടര്‍മാരില്‍ നിന്നും എന്യൂമറേഷന്‍ ഫോമുകള്‍ പൂരിപ്പിച്ച് കൈപ്പറ്റാം. ഈ ഫോമുകള്‍ പ്രസ്തുത വോട്ടര്‍മാരുടെ പട്ടികയും ബി.എല്‍.എ യുടെ സാക്ഷ്യപത്രവും സഹിതം ബി.എല്‍.ഒ മാര്‍ക്ക് നല്‍കാവുന്നതാണ്. എസ്.ഐ.ആറിനോടനുബന്ധിച്ച് പോളിങ് സ്റ്റേഷനുകളുടെ പുനക്രമീകരണം കൂടി നടത്തും. ജില്ലയില്‍ ഏകദേശം 414 പുതിയ പോളിങ് സ്റ്റേഷനുകള്‍ വരുമെന്നും ജില്ല കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെയും ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെയും ചുമതലകള്‍ സംബന്ധിച്ചും ബി.എല്‍.ഒ മാര്‍ ഫീല്‍ഡില്‍ പോകുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെയും കുറിച്ചും ജില്ലാ ഇലക്ഷന്‍ അസിസ്റ്റന്റ് പി.എ ടോംസ് വിശദീകരിച്ചു.
ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്. സജീദ്, ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരായ എസ്.എസ് അല്‍ഫ, ബിന്ദു, ശ്രീജിത്ത്, ഷാലി എന്നിവരും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

