കല്‍പ്പാത്തി രഥോത്സവം: അവലോകന യോഗം ചേര്‍ന്നു
നവംബര്‍ ഏഴ് മുതല്‍ 17 വരെ നടക്കുന്ന കല്‍പ്പാത്തി രഥോത്സവത്തിന് മുന്നോടിയായി ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. രഥോത്സവത്തിനായി എത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിങ്ങിനായി സൗകര്യം ഉറപ്പാക്കണം, ശുചികരണ പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭ ജാഗ്രത പുലര്‍ത്തണം, അപായ സാധ്യതയുള്ള സ്ഥലങ്ങളില്‍ മുള കൊണ്ടുള്ള രണ്ടു വാച്ച് ടവര്‍ നിര്‍മ്മിക്കണം, ആവശ്യത്തിന് ലൈറ്റുകള്‍ സ്ഥാപിക്കണം, രഥത്തിന്റെ ഫിറ്റ്നസ്സ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പിഡബ്ല്യുഡി ബില്‍ഡിങ്സ് ശ്രദ്ധിക്കണം, ആംബുലന്‍സ് ആന്‍ഡ് മെഡിക്കേഷന്‍, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്, ഫയര്‍ ടെന്‍ഡര്‍സ് എന്നിവ ഉറപ്പുവരുത്തണം. ജനത്തിരക്കുള്ള സ്ഥലങ്ങളില്‍ പൊള്ളുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ വെയ്ക്കുന്നത് ഒഴിവാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. കടയിടുന്നവര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമായും ഉണ്ടാവണം. രഥം പോവുന്ന വഴികളുടെ വളവില്‍ കടകള്‍ ഇടരുതെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ആര്‍.ഡി.ഒ കെ. മണികണ്ഠന്‍, വിവിധ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

