ബംഗ്ലാംകുന്നിന് ഇത് സ്വപ്ന സാഫല്യം
* 14 കുടുംബങ്ങള്‍ ഇനി ഭൂവുടമകള്‍
തൊടുപുഴ മുനിസിപ്പാലിറ്റിയിലെ ബംഗ്ലാംകുന്ന് സ്വദേശികളായ 14 കുടുംബങ്ങളുടെ കാത്തിരിപ്പിനാണ് വാഴത്തോപ്പിലെ ജില്ലാ പട്ടയമേളയില്‍ വിരാമമായത്. ബംഗ്ലാംകുന്നുകാരുടെ പട്ടയമെന്ന ആവശ്യത്തിന് ഏകദേശം 70 വര്‍ഷത്തോളം പഴക്കമുണ്ട്. ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് ബംഗ്ലാംകുന്ന് സ്വദേശികളും പട്ടയത്തിന് അവകാശികളായത്. ബംഗ്ലാംകുന്നുകാര്‍ പട്ടയത്തിനായി ഏഴ് പതിറ്റാണ്ടിനിടയില്‍ കയറിയിറങ്ങാത്ത ഓഫീസുകളില്ല, മുട്ടാത്ത വാതിലുകളില്ല.
ജനപ്രതിനിധികളുടെയും രാഷ്ട്രീയ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയുമെല്ലാം നിരന്തര ഇടപെടലുകളും സര്‍ക്കാരിന്റെ ഇച്ഛാശക്തിയും പ്രഖ്യാപിത നയങ്ങളുമാണ് ബംഗ്ലാംകുന്നിന്റെ പട്ടയ സ്വപ്നം യാഥാര്‍ഥ്യമാക്കിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2019 മുതല്‍ പ്രദേശവാസികള്‍ നിരന്തരം നടത്തിയ ഇടപെടലുകളെ തുടര്‍ന്നാണ് നിലവില്‍ പട്ടയം ലഭിച്ചതെന്ന് അവര്‍ പറയുന്നു. തങ്ങളുടെ പട്ടയ സ്വപ്നം യാഥാര്‍ഥ്യമാക്കിയ സര്‍ക്കാരിനും ഒപ്പം പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരുടെയും പേരെടുത്ത് പറഞ്ഞാണ് പ്രദേശവാസികള്‍ നന്ദി രേഖപ്പെടുത്തുന്നത്. രഞ്ജിത പ്രതാപന്‍, തങ്കമ്മ പെരുമാള്‍, കൗസല്യ രാജപ്പന്‍, വത്സലാ ബാലകൃഷ്ണന്‍, ചന്ദ്രന്‍ വി.കെ, മഹേഷ് ബി.എം, നൗഷാദ് കെ.എ, ബേബി കൃഷ്ണന്‍കുട്ടി, ജയചന്ദ്രന്‍, ജിബി കണ്ടത്തില്‍, ജിനു കെ.പി, ഷൈല വിനില്‍, കമലാക്ഷി, സാവിത്രി ഉലകനാഥന്‍ എന്നിവര്‍ക്കാണ് കാത്തിരുപ്പിനൊടുവില്‍ പട്ടയം ലഭ്യമായ ബംഗ്ലാംകുന്നിലെ കുടുംബങ്ങള്‍.

