സായുധസേന പതാക ദിനാചരണം ഡിസംബർ ആറിന്
ജില്ലയിൽ സായുധസേന പതാക ദിനാചരണവും പതാക നിധിയുടെ സമാഹരണ ഉദ്ഘാടനവും ഡിസംബർ ആറിന് കലക്ടറേറ്റിൽ നടക്കും. മാതൃരാജ്യത്തിനു വേണ്ടി പോരാടി വീരചരമം പ്രാപിച്ച ധീരജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിക്കാനും അവരുടെ കുടുംബാംഗങ്ങളോടും പൂർവ സൈനികരോടും ഐക്യദാർഡ്യം പ്രഖ്യാപിക്കാനുളള ദിനമായാണ് സായുധ സേനാ പതാക ദിനം ആചരിക്കുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന, പെൻഷൻ ഇല്ലാത്ത വിമുക്ത ഭടന്മാർക്കും ആശ്രിതർക്കും വർഷത്തിൽ ഒരിക്കൽ നൽകുന്ന സാമ്പത്തിക സഹായത്തിനായുള്ള പതാകദിന നിധിയിലേക്ക് എല്ലാവരും ഉദാരമായി സംഭാവന നൽകണമെന്ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ബോർഡ് യോഗത്തിൽ അസി. കലക്ടർ എഹ്തെദ മുഫസിർ പറഞ്ഞു.
സായുധ സേനാ പതാക ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്‌കൂൾ അസംബ്ലികളിൽ വായിച്ചു കേൾപ്പിക്കാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് യോഗം നിർദേശിച്ചു. പതാക ദിന കുടിശ്ശിക ഉടൻ തീർക്കണമെന്ന് എല്ലാ വകുപ്പുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിർദേശം നൽകി.
അസിസ്റ്റന്റ് കലക്ടർ അധ്യക്ഷയായ യോഗത്തിൽ ജില്ലാ സൈനിക ബോർഡ് വൈസ് പ്രസിഡന്റ് വിങ് കമാന്റർ റിട്ട. പി.എ വിജയൻ, ജില്ലാ സൈനിക ക്ഷേമ ഓഫീസർ കെ.കെ ഷാജി, അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

