
കോങ്ങാട് ഗ്രാമപഞ്ചായത്ത് ഇനി അതിദാരിദ്ര്യമുക്ത ഗ്രാമപഞ്ചായത്ത്
കോങ്ങാട് ഗ്രാമപഞ്ചായത്ത് ഇനി അതിദാരിദ്ര്യമുക്ത ഗ്രാമപഞ്ചായത്ത്. അതിദാരിദ്യമുക്ത ഗ്രാമപഞ്ചായത്ത് പ്രഖ്യാപനം കെ ശാന്തകുമാരി എംഎല്‍എ നിര്‍വഹിച്ചു. കോങ്ങാട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ 157 വ്യക്തികളെയാണ് അതിദരിദ്രരായി കണ്ടെത്തിയത്.12 വ്യക്തികള്‍ക്ക് വീട് അനുവദിച്ച് നല്‍കി. നാല് പേര്‍ക്ക് വീടും സ്ഥലവും നല്‍കി. 38 വ്യക്തികള്‍ക്ക് ഭക്ഷണത്തിനുള്ള സൗകര്യങ്ങളും 99 പേര്‍ക്ക് ചികിത്സയ്ക്കാവശ്യമായ സഹായവും നല്‍കി. അടിസ്ഥാന രേഖകളില്ലാത്ത 11 പേര്‍ക്ക് രേഖകള്‍ ലഭ്യമാക്കി. ഉജ്ജീവനം പദ്ധതിയിലൂടെ ആറ് പേര്‍ക്ക് സ്ഥിര വരുമാനം ഉറപ്പാക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ച് സഹായം നല്‍കി. 16 വിദ്യാര്‍ഥികള്‍ക്ക് പഠനസഹായം ലഭ്യമാക്കുകയും തുടര്‍പഠനത്തിനുള്ള പിന്തുണ നല്‍കുകയും ചെയ്തു. ഇത്തരത്തില്‍ കൃത്യമായ ഇടപെടലിലൂടെയാണ് അതിദാരിദ്ര്യത്തില്‍ നിന്ന് വ്യക്തികളെ മുക്തമാക്കിയത്.
ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ടി അജിത് അധ്യക്ഷത വഹിച്ചു. വിഇഒ ശാലിനി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ബിന്ദു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി കൃഷ്ണന്‍കുട്ടി, കെ.ടി ശശിധരന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജ്യോതി എന്നിവര്‍ സംസാരിച്ചു. മറ്റു ജനപ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.