
വികസന നേട്ടങ്ങളുടെ നിറവിൽ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത്
അഞ്ച് വർഷത്തെ പ്രവർത്തനങ്ങൾ പൊതു ജനങ്ങളുടെ മികച്ച അഭിപ്രായം നേടി വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിൻ്റെ വികസന സദസ്സ്. വി.എസ് അച്യുതാനന്ദൻ സ്മാരക ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം എൻ.സി പ്രസാദ് ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പുതിയ ആശയങ്ങളും വികസന സദസിൽ പങ്കുവെയ്ക്കപ്പെട്ടു. വെങ്ങപ്പള്ളിയെ അതിദാരിദ്ര്യം നിർമാർജനം ചെയ്യപ്പെട്ട പഞ്ചായത്തായി പ്രസിഡൻ്റ് ഇ.കെ രേണുക പ്രഖ്യാപിച്ചു.
അതിദാരിദ്ര്യ നിർമ്മാർജനത്തിന്റെ ഭാഗമായി 56 കുടുംബങ്ങളെയാണ് കണ്ടെത്തിയത്. ലൈഫ് ഭവന പദ്ധതിയിൽ 173 വീടുകളാണ് പഞ്ചായത്തിൽ നിർമിക്കുന്നത്. ഡിജി കേരളം പദ്ധതിയിൽ 26 വളണ്ടിയർമാരുടെ സഹകരണത്തോടെ 3256 വീടുകളിൽ നിന്ന് 850 പഠിതാക്കളെ കണ്ടെത്തി ഡിജിറ്റൽ സാക്ഷരരാക്കി. കെ സ്മാർട്ട് മുഖേന ഗ്രാമപഞ്ചായത്തിൽ വിവിധ സേവനാവശ്യങ്ങൾക്കായി 2208 അപേക്ഷകൾ ലഭിക്കുകയും 1520 അപേക്ഷകൾ തീർപ്പാക്കുകയും ചെയ്തു.
നെൽകൃഷി വികസനം, സുഭിക്ഷ കേരളം, കുമ്മായ വിതരണം, പച്ചക്കറി വിതരണം, പുരയിട കൃഷി പ്രോത്സാഹനം എന്നിവയിലും, ക്ഷീര കർഷകർക്ക് സബ്സിഡി, കന്നുകുട്ടി വിതരണം, മുട്ടക്കോഴി വിതരണം, ആട് വിതരണം തുടങ്ങിയ മേഖലകളിലും മികച്ച നേട്ടം കൈവരിക്കാൻ പഞ്ചായത്തിന് സാധിച്ചു. പെയിൻ ആൻഡ് പാലിയേറ്റീവ്, മെൻസ്ട്രൽ കപ്പ് വിതരണം, ഹോമിയോ ഡിസ്പെൻസറിയിലേക്ക് മരുന്നുവാങ്ങൽ, എഫ്.എച്ച്.സിയിലേക്ക് മരുന്നുവാങ്ങൽ, ജീവിതശൈലി രോഗ നിയന്ത്രണം എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ ആരോഗ്യ മേഖലയിൽ മികച്ച അംഗീകാരങ്ങൾ നേടി.
സ്ത്രീ സൗഹൃദ പഞ്ചായത്ത്, വയോജന സൗഹൃദ പഞ്ചായത്ത്, ചോലപുറം മുളം പച്ചത്തുരുത്ത്, മൺകുട കമ്പോസ്റ്റ് യൂണിറ്റ്, വയോജനക്ഷേമ പദ്ധതികൾ, ബാലസഭാ പ്രവർത്തനങ്ങൾ തുടങ്ങി നിരവധി നൂതന ആശയങ്ങളും പഞ്ചായത്ത് മുന്നോട്ട് വെച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 22 കോഴിക്കൂട്, 59 തൊഴുത്ത്, 28 ആട്ടിൻ കൂട്, 101 സോക് പിറ്റ്, എട്ട് അസോള ടാങ്ക്, എട്ട് ജലസേചന കുളം, 51 ജലസേചന കിണർ തുടങ്ങിയ പ്രവർത്തികൾ പൂർത്തീകരിച്ചു. ഹരിത കേരളം മിഷന്റെ സംസ്ഥാനതലത്തിലെ മികച്ച മുളംപച്ചത്തുരുത്തിനുള്ള അവാർഡ് ഗ്രാമപഞ്ചായത്ത് നേടി. വാതിൽപടി മാലിന്യ ശേഖരണത്തിൽ 100 ശതമാനം ലക്ഷ്യം കൈവരിച്ചു. വിവിധ വാർഡുകളിൽ മിനി എം.സി.എഫുകളും ക്രമീകരിച്ചിട്ടുണ്ട്. ക്ഷയരോഗമുക്ത പഞ്ചായത്തായും വെങ്ങപ്പള്ളി മുന്നിട്ടുനിൽക്കുന്നു.
പൊതുസ്മശാനത്തിനായി ഗ്രാമപഞ്ചായത്ത് സ്ഥലം കണ്ടെത്തണമെന്ന് വികസന സദസിലെ ഓപ്പൺ ഫോറം അഭിപ്രായപ്പെട്ടു. യുവാക്കൾക്ക് കായിക ക്ഷമത വർധിപ്പിക്കുന്നതിന് പുതിയ കളിക്കളം കണ്ടെത്തണം. വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്തുന്നതിന് പ്രത്യേക കേന്ദ്രം അനുവദിക്കണമെന്നും ഓപ്പൺ ഫോറത്തിൽ പൊതുജനങ്ങൾ പറഞ്ഞു. പൊളിച്ച റോഡുകൾ പുനർനിർമിച്ച് യാത്രായോഗ്യമാക്കണം. റോഡ് പ്രവർത്തികൾ നടക്കുമ്പോൾ ബദൽ സംവിധാനം ഒരുക്കണം. ഉന്നതികളിലെ കുടുംബങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്തി അവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കൃത്യമായി ലഭ്യമാക്കണമെന്നും ഓപ്പൺ ഫോറത്തിൽ നിർദ്ദേശം ഉയർന്നു.
വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. കെ രേണുക അധ്യക്ഷയായ പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം നാസർ, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ രാജൻ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ എ.കെ തോമസ്,
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഒ അനിത, എം. പുഷ്പ, പി.കെ ശാരദ, വി.കെ ശിവദാസൻ, ശ്രീജ ജയപ്രകാശ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. സജീഷ് രാജ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.ജി സുകുമാരൻ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മസേന അംഗങ്ങൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.