
വെൺമണി പഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനം ചെയ്തു
അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആദ്യം മൈക്രോപ്ലാൻ തയ്യാറാക്കിയ ജില്ലയാണ് ആലപ്പുഴയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി പറഞ്ഞു. വെൺമണി പഞ്ചായത്ത് വികസന സദസ്സ് മാർത്തോമ്മ പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. കഴിഞ്ഞ വർഷം മാത്രം ലൈഫ് ഭവന പദ്ധതിക്കായി സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ തുക നൽകിയ ജില്ലാ പഞ്ചായത്താണ് ആലപ്പുഴ. 7.5 കോടി രൂപയാണ് നൽകിയത്. മാവേലിക്കരയിലും ചെങ്ങന്നൂരിലും വരാൻ പോകുന്ന ആശുപത്രികൾ ജില്ലയിലെ മെഡിക്കൽ കോളേജിന് തുല്യമായ സൗകര്യങ്ങളോടെയാണ് പണികഴിപ്പിക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
കാർഷിക മേഖലയിൽ നെൽകൃഷി വികസനത്തിന് 67.45 ലക്ഷം രൂപയാണ് പഞ്ചായത്ത് ചെലവഴിച്ചതെന്ന് സദസ്സിൽ അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. മേനിലം, ചാങ്ങപ്പാടം, പള്ളിപ്പുറം, വെട്ടുവേലിച്ചാൽ, പള്ളക്കുളം എന്നീ പാടശേഖരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 84 ലക്ഷം രൂപയും വിനിയോഗിച്ചു. ലൈഫ് ഭവന പദ്ധതിയിലൂടെ 5.17 കോടി രൂപ ചെലവിൽ 122 വീടുകൾ പൂർത്തീകരിക്കുകയും 46 എണ്ണത്തിൻ്റെ നിർമ്മാണം പുരോഗമിക്കുകയും ചെയ്യുന്നു. അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതിയിലൂടെ 38 ഗുണഭോക്താക്കളെ കണ്ടെത്തി ആവശ്യമായ സേവനങ്ങൾ നൽകി സുരക്ഷിതരാക്കി. ആരോഗ്യ മേഖലയിൽ പാലിയേറ്റീവ് കെയർ സേവനങ്ങൾക്കായി 38 ലക്ഷം രൂപ, പട്ടികജാതി വിദ്യാർഥികൾക്ക് പഠനമുറി നൽകുന്നതിന് 1.77 കോടി രൂപ, നാല് ക്ഷീര സംഘങ്ങൾക്കായി 36.58 ലക്ഷം രൂപ എന്നിങ്ങനെ ചെലവഴിച്ചു. പഞ്ചായത്തിലുടനീളം തെരുവ് വിളക്കുകൾ സ്ഥാപിച്ച് ‘പൂർണ്ണ പ്രകാശ ഗ്രാമം’ പദ്ധതി നടപ്പിലാക്കി. മാലിന്യമുക്ത നവകേരളം പദ്ധതിയിലൂടെ പ്രതിമാസം രണ്ട് ടൺ അജൈവമാലിന്യങ്ങൾ ഹരിതകർമ്മസേന ശേഖരിക്കുന്നു. തൊഴിലുറപ്പ് പദ്ധതിയിലൂടെ കഴിഞ്ഞ അഞ്ച് വർഷം 2224 കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ നൽകിയതായും സദസ്സിൽ അവതരിപ്പിച്ച വികസന രേഖയിൽ ചൂണ്ടിക്കാണിക്കുന്നു. 300 ഓളം പേർ സദസ്സിൽ പങ്കെടുത്തു.
ചടങ്ങിൽ വെൺമണി പഞ്ചായത്ത് പ്രസിഡന്റ് റ്റി സി സുനിമോൾ അധ്യക്ഷയായി. പ്രോഗ്രസ്സ് റിപ്പോർട്ട് പ്രകാശനവും പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. ആസൂത്രണ സമിതി വൈസ് ചെയർമാൻ ആർ രാജഗോപാലൻ ഏറ്റുവാങ്ങി. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം സലീം പഞ്ചായത്തിനെ പൂർണ്ണ പ്രകാശ ഗ്രാമമായി പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്തംഗം മഞ്ജുളാദേവി പഞ്ചായത്തിനെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ദിൽഷാദ് സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും പഞ്ചായത്ത് സെക്രട്ടറി ഡി ലക്ഷ്മി പഞ്ചായത്തിന്റെ നേട്ടങ്ങളും അവതരിപ്പിച്ചു. പഞ്ചായത്തംഗം ബി ബാബു ഓപ്പൺ ഫോറം നയിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ സൗമ്യ റെനി, അനിൽ ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജെബിൻ പി വർഗീസ്, ഷേർളി സാജൻ, പഞ്ചായത്തംഗങ്ങളായ കെ എസ് ബിന്ദു, ജി സുഷമ്മ, സ്റ്റീഫൻ ശാമുവേൽ, സിഡിഎസ് ചെയർപേഴ്സൺ എം കെ സുധർമ്മ, അസിസ്റ്റന്റ് സെക്രട്ടറി എസ് ഷാജി, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.