
വിഷൻ 2031 ഊർജ്ജ വകുപ്പ് സെമിനാർ 24ന്
ഊർജ്ജ വകുപ്പ് സംഘടിപ്പിക്കുന്ന ‘വിഷൻ 2031’ സെമിനാർ ഒക്ടോബർ 24-ന് പാലക്കാട് മലമ്പുഴ ഹോട്ടൽ ട്രൈപെൻ്റയിൽ വച്ച് നടക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ‘വിഷൻ 2031’ കരട് നയരേഖ അവതരിപ്പിക്കും. ഊർജ്ജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ കഴിഞ്ഞ പത്തു വർഷങ്ങളിലെ വകുപ്പിന്റെ പ്രധാന നേട്ടങ്ങളും നിലവിലെ നയചട്ടക്കൂടും സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിക്കും. ദേശീയ, അന്തർദേശീയ തലത്തിൽ ശ്രദ്ധേയരായ വിദഗ്‌ധരുടെ നേതൃത്വത്തിലായിരിക്കും പാനൽ ചർച്ചകൾ. സെമിനാറിന്റെ സമാപന സെഷനിൽ വൈദ്യുതി വകുപ്പുമന്ത്രി കെ കൃഷ്ണൻകുട്ടി വിഷൻ – 2031 നയരേഖ അവതരിപ്പിക്കും.
കേരളത്തിലെ ഊർജ്ജ മേഖല-വിഷൻ 2031, ഭാവിക്കനുരൂപമായി ഉപഭോക്തൃ പ്രതീക്ഷകൾക്കനുസരിച്ചുള്ള നൂതന സേവന മാതൃകകൾ, ഊർജ്ജ മേഖലയിലെ ഡിജിറ്റൽ ചുവടുമാറ്റം, ഉല്പാദന രംഗത്തെ സ്വയം പര്യാപ്തത-കേരളത്തിലെ സാധ്യതകൾ, കാർബൺ രഹിത ലോകത്തിനായി ഊർജ്ജമേഖല, വൈദ്യുതി വിതരണത്തിന്റെ ഭാവി-ഗ്രിഡ് നവീകരണവും പരിപാലന മാർഗ്ഗങ്ങളും, ആധുനിക പ്രസരണ ശൃംഖലയും ഗ്രിഡ് മാനേജ്മെൻറും, ഡേറ്റ അധിഷ്ഠിത ഊർജ്ജമേഖല-എ ഐയുടെ അനന്തസാധ്യതകൾ, വൈദ്യുതി വ്യവസായം-വിപണി അധിഷ്ഠിത നൂതന സാമ്പത്തിക മാതൃകകൾ, ഊർജ്ജ ഉപയോഗം ഉത്തരവാദിത്തത്തോടെ എന്ന വിഷയങ്ങളാണ് ഊർജ്ജ വകുപ്പിന്റെ വിഷൻ 2031 സെമിനാറിൽ ചർച്ച ചെയ്യുന്നത്. സെമിനാറിന്റെ രജിസ്ട്രേഷൻ രാവിലെ 9-ന് ആരംഭിക്കും. വിഷയ വിദഗ്‌ധർ ഉൾപ്പെടെ ഒട്ടേറെ പേർ സെമിനാറിൽ പങ്കെടുക്കും.
സംസ്ഥാന രൂപീകരണത്തിൻ്റെ 75-മത് വാർഷികമായ 2031 നകം കേരളം കൈവരിക്കേണ്ട വികസന ലക്ഷ്യങ്ങൾ രൂപപ്പെടുത്തുന്നതിനും പദ്ധതി നിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിനുമായാണ് വകുപ്പുകൾ സെമിനാറുകൾ നടത്തുന്നത്. വിവിധ വകുപ്പുകൾ തങ്ങളുടെ പ്രവർത്തന മേഖലയെ ആസ്പദമാക്കി ബന്ധപ്പെട്ട മന്ത്രിയുടെ നേതൃത്വത്തിൽ ഇത്തരത്തിൽ സെമിനാറുകൾ സംഘടിപ്പിക്കുന്നുണ്ട്. 500 മുതൽ 1000 വരെ പ്രതിനിധികൾ പങ്കെടുക്കുന്ന 33 സെമിനാറുകളാണ് വിവിധ വകുപ്പുകൾ ചേർന്ന് ക്രമീകരിച്ചിരിക്കുന്നത്. വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി നടക്കുന്ന ഈ സെമിനാറുകൾ സംസ്ഥാന വികസനവുമായി ബന്ധപ്പെട്ട ആശയങ്ങളും അഭിപ്രായങ്ങളും സമാഹരിക്കും. നിലവിലെ നേട്ടങ്ങൾ, വിഷൻ 2031 നയരേഖാ നിർദ്ദേശങ്ങൾ, സെമിനാറുകളിൽ രൂപപ്പെട്ട ശുപാർശകൾ എന്നിവയടങ്ങിയ റിപ്പോർട്ട് അതത് വകുപ്പുകൾ സർക്കാരിന് സമർപ്പിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന ആസൂത്രണ ബോർഡ് 2026 ജനുവരിയിൽ സംഘപ്പിക്കുന്ന സംസ്ഥാന കോൺക്ലേവിൽ ഈ റിപ്പോർട്ട് ചർച്ച ചെയ്ത് സംസ്ഥാന നയരേഖ തയ്യാറാക്കും. https://docs.google.com/forms/d/e/1FAIpQLSdIzxc92hrVrL1E1HCdXdmaRhF5dsX5_jdS68USekaMqYPpOA/viewform എന്ന ലിങ്ക് വഴിയോ ക്യു.ആര്‍ കോഡ് വഴിയോ വികസന സെമിനാറില്‍ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റര്‍ ചെയ്യാം.