
സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാരം: 23 വരെ അപേക്ഷിക്കാം
2024 ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌ക്കാരത്തിന് നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനും മികച്ച യുവജന ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡിന് അപേക്ഷിക്കുന്നതിനും ഉള്ള തീയതി സെപ്റ്റംബര്‍ 23 വരെ ദീര്‍ഘിപ്പിച്ചു.
യുവപ്രതിഭാ പുരസ്കാരത്തിന് നിശ്ചിതഫോറത്തിൽ നോമിനേഷൻ സമർപ്പിക്കാം. വ്യക്തിഗത പുരസ്കാരത്തിനായി അതത് മേഖകളിലെ 18നും 40നും മധ്യേയുള്ള യുവജനങ്ങളെയാണ് നോമിനേറ്റ് ചെയ്യേണ്ടത്. സാമൂഹ്യ പ്രവർത്തനം, മാധ്യമ പ്രവർത്തനം (പ്രിൻ്റ് മീഡിയ), മാധ്യമ പ്രവർത്തനം (ദ്യശ്യ മാധ്യമം), കല, സാഹിത്യം, കായികം (വനിത), കായികം (പുരുഷൻ), സംരംഭകത്വം, കൃഷി, എന്നീ മേഖലകളിൽ നിന്നും മികച്ച ഓരോ വ്യക്തിക്കുവീതം ആകെ ഒമ്പത് പേർക്കാണ് പുരസ്കാരങ്ങൾ നൽകുന്നത്. പുരസ്കാരത്തിനായി സ്വയം അപേക്ഷ സമർപ്പിക്കാൻ കഴിയില്ല. അതത് മേഖലകളുമായി ബന്ധപ്പെട്ട ഏതൊരാൾക്കും മറ്റൊരാളെ നോമിനേറ്റ് ചെയ്യാവുന്നതാണ്. പുരസ്കാരത്തിന് അർഹരാകുന്നവർക്ക് 50,000 രൂപയും പ്രശസ്തി പത്രവും നൽകും.
കൂടാതെ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്, യുവ, അവളിടം ക്ലബ്ബുകൾക്കും അവാർഡിനായി അപേക്ഷിക്കാം. ജില്ലാതലത്തിൽ തെരഞ്ഞെടുത്ത മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്കാരവും നൽകും. ജില്ലാതലത്തിൽ അവാർഡിന് അർഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാനതലത്തിൽ പരിഗണിക്കുന്നത്. സംസ്ഥാന അവാർഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്കാരവും നൽകും. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും അപേക്ഷാ ഫോറവും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ www.ksywb.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അപേക്ഷ സമര്‍പ്പിക്കുവാനുള്ള മേല്‍വിലാസം- ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യുവജനകേന്ദ്രം, മിനി സിവില്‍ സ്റ്റേഷന്‍, തത്തംപളളി പി.ഒ, ആലപ്പുഴ-13 ഫോണ്‍ 9847133866. 0477- 2239736.