
സപ്ലൈകോ ഓണം ഫെയറുകൾക്ക് തുടക്കം
* സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം ഇ.കെ. നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. രാജ്യത്താകെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്ന ഈ കാലഘട്ടത്തിൽ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ സ്വാഭാവികമായി വിലക്കറ്റം ഉണ്ടാകേണ്ടതാണെങ്കിലും മാതൃകാപരമായ വിപണി ഇടപെടലിലൂടെ വിലക്കയറ്റം പിടിച്ചു നിർത്താനായതായി മുഖ്യമന്ത്രി പറഞ്ഞു. പൊതുവിപണിയിൽ വളരെ ശക്തമായ ഇടപെടലാണ് സർക്കാർ നടത്തുന്നത്. വെളിച്ചെണ്ണയുടെ വിലക്കയറ്റത്തെ നിയന്ത്രിക്കാൻ ഫലപ്രദമായ ഇടപെടൽ നടത്താനായി. വെളിച്ചെണ്ണ കിലോയ്ക്ക് അഞ്ഞൂറു രൂപയോളം ആയ ഘട്ടത്തിൽ ശബരി വെളിച്ചെണ്ണ സബ്ഡിയോടെ 349 രൂപയ്ക്കും സബ്ഡി ഇല്ലാതെ 429 രൂപയ്ക്കും നൽകുകയാണ്. വില ഇനിയും കുറയ്ക്കാനുള്ള ഇടപെടൽ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓണം സമൃദ്ധിയുടേയും ക്ഷേമത്തിന്റേയുമാണ്. അതുകൊണ്ട് സാധാരണക്കാരന്റെ കീശകീറാതെ ഓണം ആഘോഷിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചത്. രണ്ടരലക്ഷത്തോളം ക്വിന്റൽ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിലധികം ക്വിന്റൽ അരിയും, പതിനാറായിരത്തോളം ക്വിന്റൽ ഉഴുന്നും നാൽപ്പത്തിഅയ്യായിരത്തോളം ക്വിന്റൽ പഞ്ചസാരയും സമാഹരിച്ചു. സബ്ഡിയായി നൽകുന്ന മുളകിന്റെ അളവ് അരക്കിലോയിൽ നിന്നും ഒരു കിലോആയി ഉയർത്തി.
ആഗസ്റ്റ് 25 മുതൽ ജില്ലാതലങ്ങളിലും ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ നിയോജകമണ്ഡലങ്ങളിലും ഗ്രാമീണ മലയോരമേഖലകളിലുള്ള സഞ്ചരിക്കുന്ന ഓണച്ചന്തകളിലും നടക്കുന്ന സപ്ലൈകോ ഓണം ഫെയറുകളിൽ സബ്സിഡി സാധനങ്ങളോടൊപ്പം മറ്റ് പ്രമുഖ റീട്ടെയ്ൽ ചെയിനുകളോട് കിട പിടിക്കുന്ന വിധത്തിൽ ബ്രാൻഡഡ് എഫ് എം സി ജി ഉത്പന്നങ്ങളും ലഭിക്കും. 250 ലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകളും, വിലക്കുറവും നൽകുന്നുണ്ട്.
ഓണം ഫെയറുകളെ കൂടാതെ 1500 ൽ അധികം വരുന്ന വിൽപന ശാലകളിലും ഓഫറുകൾ ലഭ്യമാണ്. ശബരി ബ്രാൻഡിൽ 5 പുതിയ ഉൽപ്പന്നങ്ങൾ കൂടി സപ്ലൈകോ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഇപ്രകാരം സാധാരണക്കാരന്റെ ഓണം കൂടുതൽ സമൃദ്ധമാക്കുകയാണ് സപ്ലൈകോ. 32 ലക്ഷത്തോളം ഉപഭോക്താക്കൾ ജൂലൈ മാസത്തിൽ സപ്ലൈകോയിൽ എത്തി. 168 കോടിരൂപയുടെ വിറ്റുവരവ് നേടാനായി. ജനങ്ങൾ എത്രത്തോളം വിശ്വാസം അർപ്പിക്കുന്നു എന്നതാണ് കണക്കുകളിലൂടെ വ്യക്തമാകുന്നത്. 250 കോടിരൂപയുടെ വിറ്റുവരവാണ് ഈ ഓണക്കാലത്ത് പ്രതീക്ഷിക്കുന്നത്.
ഓണത്തിന് റേഷൻ വിഹിതമായി ഒരു മണി അരി പോലും കേന്ദ്രം ലഭ്യമാക്കിയില്ല. എന്തെല്ലാം പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നാലും സാധാരണക്കാർക്ക് ആശ്വാസമാകുന്ന നടപടികളിൽ നിന്നും സംസ്ഥാനം പിന്നോട്ടുപോകില്ല. അർഹമായ വിഹിതം ലഭ്യമാക്കാത്തതിനാൽ സാമ്പത്തികപ്രയാസമുണ്ട്. എന്നിരുന്നാലും നാടിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് തടസ്സം വരാതെ മുന്നോട്ടുകൊണ്ടുപോകും. അധികവിഭവ സമാഹരണത്തിലൂടെ നാടിന്റെ വികസനവും ക്ഷേമവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു കിലോയ്ക്ക് 529 രൂപ വിലവരുന്ന കേര ഫെഡ് വെളിച്ചെണ്ണ 445 രൂപയ്ക്കാണ് സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ ലഭ്യമാക്കുന്നത്. ഇന്നു മുതൽ 429 രൂപയ്ക്ക് അത് ലഭ്യമാക്കുമെന്ന് അദ്ധ്യക്ഷനായിരുന്ന ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഓണക്കാലത്ത് സബ്സിഡി അരിയ്ക്കു പുറമേ കാർഡൊന്നിന് 20 കിലോ പച്ചരിയോ, പുഴുക്കലരിയോ, 25 രൂപ നിരക്കിൽ സ്‌പെഷ്യൽ അരിയായി നൽകുന്നുണ്ട്. എഎവൈ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങൾക്കുമായി ആറു ലക്ഷത്തിലധികം ഓണക്കിറ്റുകൾ സൗജന്യമായി നൽകുമെന്നും മന്ത്രി പറഞ്ഞു.
ഓണം ഫെയറിന്റെ ആദ്യ വിൽപ്പന മുഖ്യമന്ത്രി നിർവഹിച്ചു. നെയ്യാറ്റിൻകര ചെറുവാരക്കോണം സ്വദേശിനി ലില്ലി മുഖ്യമന്ത്രിയിൽ നിന്നും സാധനങ്ങൾ ഏറ്റുവാങ്ങി. ഉപഭോക്തൃകാര്യ വകുപ്പിന്റെ ഉപഭോക്തൃ കേരളം മാസികയുടെ ഓണപ്പതിപ്പ് മുഖ്യമന്ത്രി മേയർ ആര്യാ രാജേന്ദ്രന് നൽകി പ്രകാശനം ചെയ്തു. സഞ്ചരിക്കുന്ന റേഷൻ കട, വൺ നേഷൻ വൺ കാർഡ് എന്നീ പരസ്യ ചിത്രങ്ങളുടെ പ്രകാശനവും സഞ്ചരിക്കുന്ന ഓണച്ചന്തയുടെ ഫ്ളാഗ് ഓഫും മന്ത്രി ജി ആർ അനിൽ നിർവഹിച്ചു.
ആന്റണി രാജു എം.എൽ.എ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, പൊതുവിതരണ വകുപ്പ് സെക്രട്ടറിയും സപ്ലൈകോ ചെയർമാനുമായ എം.ജി. രാജമാണിക്യം, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ കെ. ഹിമ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസ് തുടങ്ങിയവർ പങ്കെടുത്തു.