
ഭരണഭാഷാ പുരസ്‌കാരത്തിന് (2025) അപേക്ഷിക്കാം
കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർക്കുവേണ്ടി സംസ്ഥാനസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഭരണഭാഷാ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ഔദ്യോഗികഭാഷ മലയാളമാക്കുകയെന്ന സർക്കാർനയം നടപ്പിലാക്കുന്നതിന് സഹായകമാകുന്ന വിധത്തിൽ മികച്ചപ്രവർത്തനം നടത്തിവരുന്ന ‘ ഗ്രൂപ്പ് എ’, ‘ഗ്രൂപ്പ് ബി’, ‘ഗ്രൂപ്പ് സി’ വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്കും, ‘ഗ്രൂപ്പ് സി’ വിഭാഗം ടൈപ്പിസ്റ്റ്/കമ്പ്യൂട്ടർ അസിസ്റ്റന്റ്/ സ്റ്റെനോഗ്രാഫർ/ കോൺഫിഡൻഷ്യൽ അസിസ്റ്റന്റുമാർക്കും സംസ്ഥാനതല ഭരണഭാഷാസേവനപുരസ്‌കാരങ്ങളും, ‘ഗ്രൂപ്പ് സി’ വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്ക് ജില്ലാതലഭരണഭാഷാസേവന പുരസ്‌കാരവും ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാവിഭാഗം ഉദ്യോഗസ്ഥരെയും പരിഗണിച്ച് സംസ്ഥാനതലത്തിൽ ഭരണഭാഷാഗ്രന്ഥരചനാപുരസ്‌കാരവും ഏറ്റവും മികച്ച ഭാഷാമാറ്റം കൈവരിക്കുന്ന ജില്ലയ്ക്കും വകുപ്പിനും പ്രത്യേകപുരസ്‌കാരവും നൽകുന്നുണ്ട്. ഭരണഭാഷാസേവനപുരസ്‌കാരം (സംസ്ഥാനതലം), ഭരണഭാഷാഗ്രന്ഥരചനാപുരസ്‌കാരം എന്നിവയ്ക്ക് ഒന്നാം സമ്മാനമായി 20,000 രൂപയും സത്സേവനരേഖയും ഫലകവും, രണ്ടാം സമ്മാനമായി 10,000 രൂപയും സത്സേവനരേഖയും ഫലകവും നൽകുന്നതാണ്. മികച്ച വകുപ്പിന് 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും, മികച്ച ജില്ലയ്ക്ക് 20,000 രൂപയും ഫലകവും പ്രശസ്തിപത്രവും നൽകുന്നതാണ്. ജില്ലാതല ഭരണഭാഷാസേവനപുരസ്‌കാരമായി 10,000 രൂപയും സത്സേവനരേഖയും ഓരോ ജില്ലയിലും ‘ഗ്രൂപ്പ് സി’ വിഭാഗത്തിൽപ്പെട്ട ഒരാൾക്ക് നൽകുന്നതാണ്. നിർദിഷ്ട ഫാറത്തിലുള്ള അപേക്ഷകൾ ഓഫീസ് മേധാവിയുടെ പരിശോധനക്കുറിപ്പും ശിപാർശയും സഹിതം സെപ്റ്റംബർ 15 ന് വൈകുന്നേരം 5 മണിക്കകം ഡെപ്യൂട്ടി സെക്രട്ടറി, ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ്, സെക്രട്ടേറിയറ്റ്, അനക്സ് 1, തിരുവനന്തപുരം- 695 001 എന്ന വിലാസത്തിലും ജില്ലാതലഭരണഭാഷാസേവനപുരസ്‌കാരത്തിനുള്ള അപേക്ഷകൾ അതതു ജില്ലാകളക്ടർമാർക്കും ലഭ്യമാക്കണം. വിശദ വിവരങ്ങൾക്ക് : ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പ് (0471-2518792, 2518548, 2518563, 2518831), ജില്ലാകളക്ടർമാർ, വകുപ്പുമേധാവികൾ എന്നിവരിൽനിന്നും, സർക്കാർവെബ്‌സൈറ്റിൽ (www.kerala.gov.in) നിന്നും ഔദ്യോഗികഭാഷാവകുപ്പിന്റെ https://glossary.kerala.gov.in എന്ന ഡൊമെയ്ൻ വിലാസത്തിൽനിന്നും ലഭിക്കും.