
താനൂർ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളമെന്ന് ആരോഗ്യ മന്ത്രി
മലപ്പുറം ജില്ലയിലെ താനൂർ സാമൂഹിക ആരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിനായി നിർമ്മിച്ച പുതിയ കെട്ടിട സമുച്ചയം ഒന്നാംഘട്ട ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിച്ചു. രാജ്യത്ത് ഏറ്റവും കൂടുതലാളുകൾക്ക് സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. വലിയ ചെലവുള്ള കരൾ മാറ്റ ശസ്ത്ര ക്രിയയടക്കം സൗജന്യമായാണ് നൽകുന്നത്. 2021 ൽ രണ്ടര ലക്ഷം പേർക്കാണ് സൗജന്യ ചികിത്സ നൽകിയതെങ്കിൽ 2024 ൽ ആറര ലക്ഷം പേർക്കാണ് നൽകിയത്.
താനൂരിൽ തുടങ്ങിയ നഴ്സിംഗ് കോളേജടക്കം സർക്കാർ- സർക്കാരിതര മേഖലയിൽ 15 പുതിയ നഴ്സിംഗ് കോളേജുകൾ ആരംഭിക്കാൻ കഴിഞ്ഞുവെന്നും സർക്കാർ മേഖലയിലെ 491 നഴ്സിംഗ് സീറ്റുകളിൽ നിന്നും 1250 ആയി ഉയർത്താൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. തീരദേശ മേഖലയിലെ ജനങ്ങളുടെ ആശ്രയ കേന്ദ്രമായ ഈ ആശുപത്രിയിൽ സ്പെഷ്യലൈസേഷൻ ചികിത്സകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കായിക-ന്യൂനപക്ഷ ക്ഷേമ-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ മേഖലയിൽ കാതലായ മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞിട്ടുണ്ടെന്നും നാടിന്റെ ആവശ്യമായിരുന്നു താലൂക്ക് ഹെഡ് ക്വാർട്ടർ ആശുപത്രിയെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയോട് ചേർന്ന് ഫിഷറീസ് വകുപ്പിന്റെ നിയന്ത്രണത്തിൽ ഡയാലിസിസ് സെൻറർ ഉടൻ പ്രവർത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
12.38 കോടി ചെലവിൽ 8000 ചതുരശ്ര അടി വിസ്‌തീർണ്ണത്തിലാണ് പുതിയ കെട്ടിടം നിർമിച്ചിട്ടുള്ളത്. രണ്ടാം ഘട്ട നിർമാണത്തിന് 10 കോടി അനുവദിക്കുകയും നിർമാണം ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്. 40 കോടി ചെലവിൽ 40000 സ്ക്വയർ ഫീറ്റിൽ നിർമിക്കുന്ന കെട്ടിടത്തിൻ്റെ മുഴുവൻ പണി പൂർത്തീകരിക്കുന്നതിനായി ഏഴ് കോടി നവകേരള മിഷൻ ഫണ്ട് അനുവദിക്കുകയും 10 കോടി 2025-26 ബജറ്റിൽ വകയിരുത്തുകയും ചെയ്തിട്ടുണ്ട്.
ഒഴൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള അയ്യായ ജനകീയ ആരോഗ്യ കേന്ദ്രവും മന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഏഴു ലക്ഷം രൂപയുടെ എൻ.എച്ച്.എം ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ആരോഗ്യ കേന്ദ്രം ഒഴൂർ പഞ്ചായത്തിലെ മൂന്നു വാർഡുകളിലെ ജനങ്ങൾക്ക് ആരോഗ്യ സേവനം നൽകി വരുന്നു. ഒരു ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർ, ഒരു ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ഒരു മിഡ് ലെവൽ സർവീസ് പ്രൊവൈഡറും ഇപ്പോൾ ഇവിടെ സേവനം നൽകി വരുന്നു.