
ബി.എച്ച്.എം.സി.ടി പ്രവേശനം: രണ്ടാം ഘട്ട അലോട്ട്‍മെന്റ് പ്രസിദ്ധീകരിച്ചു
ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി 2025-26 കോഴ്‌സിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ ടോക്കൺ ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന അലോട്ട്‌മെന്റ് മെമ്മോ സഹിതം ആഗസ്റ്റ് 11 വരെ അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരായി പ്രവേശനം നേടേണ്ടതാണ്. ടോക്കൺ ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്‌മെന്റ് നഷ്ടപ്പെടും. അലോട്ട്‌മെന്റ് വിവരങ്ങൾ വെബ്‌സൈറ്റിലും വിദ്യാർത്ഥികളുടെ ലോഗിനിലും ലഭ്യമാണ്. ഇതോടൊപ്പം തന്നെ പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ, ഇതുവരെ അലോട്ട്‌മെന്റ് ലഭിച്ചതും ലഭിക്കാത്തതുമായ എല്ലാപേർക്കും സ്‌പെഷ്യൽ അലോട്ട്‌മെന്റിൽ പരിഗണിക്കപ്പെടാൻ ഓൺലൈൻ ഓപ്ഷൻ സമർപ്പിക്കാനുള്ള അവസരം ആഗസ്റ്റ് 08 മുതൽ 12 വരെ (രാവിലെ 11 വരെ) ലഭ്യമാണ്. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ സ്വകാര്യ സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയ അപേക്ഷകർ പ്രവേശനം നേടിയ കോളേജിൽ നിന്നും ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ അനുവദിച്ചുകൊണ്ടുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ഓപ്ഷൻ സമർപ്പണ സമയത്ത് നിർബന്ധമായും ഓൺലൈനായി സമർപ്പിക്കണം. എല്ലാ വിഭാഗക്കാർക്കും ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.