
പുനർഗേഹത്തിലൂടെ മത്സ്യത്തൊഴിലാളികൾക്ക് സ്വപ്നസാഫല്യം
* 332 ഫ്ലാറ്റുകളുടെ താക്കോൽദാനം മുഖ്യമന്ത്രി 7ന് നിർവഹിക്കും
ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം പദ്ധതിയിലൂടെ മുട്ടത്തറയിൽ പണിപൂർത്തിയായ 332 ഫ്ലാറ്റുകളുടെ താക്കോൽ മുഖ്യമന്ത്രി പിണറായി വിജയൻ മത്സ്യത്തൊഴിലാളികൾക്ക് 7ന് കൈമാറും. മുട്ടത്തറയിൽ നിർമ്മിക്കുന്ന 400 ഫ്ലാറ്റുകളിൽ ആദ്യഘട്ടമായി 332 ഫ്ലാറ്റുകളുടെ നിർമ്മാണമാണ് പൂർത്തിയാക്കിയത്.രണ്ടു നിലകളിലായി 8 ഫ്ലാറ്റുകൾ ഉൾപ്പെടുന്ന 50 യൂണിറ്റുകളായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഒരു ഫ്ലാറ്റിന്റെ നിർമാണച്ചെലവ് 20 ലക്ഷത്തിനു മുകളിലാണ്. റോഡ്, ഡ്രെയിനേജ്, നടപ്പാത ചുറ്റുമതിൽ തുടങ്ങിയ എല്ലാ അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വളരെ മികച്ച ഗുണനിലവാരത്തിലാണ് ഈ ഫ്ലാറ്റുകൾ നിർമ്മിച്ചതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ തൈക്കാട് അതിഥി മന്ദിരത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പുനർഗേഹം പദ്ധതിയുടെ ഭാഗമായി 2023 ഫെബ്രുവരി 10 നാണ് മുട്ടത്തറയിലെ ഫ്ലാറ്റ് നിർമ്മാണം ആരംഭിച്ചത്. മുട്ടത്തറ വില്ലേജിൽ ക്ഷീര വികസന വകുപ്പിന്റെ കൈവശത്തിലുണ്ടായിരുന്ന 8 ഏക്കർ ഭൂമി ഫിഷറീസ് വകുപ്പിന് സർക്കാർ കൈമാറുകയായിരുന്നു. അതിൽ പുനർഗേഹം പദ്ധതി പ്രകാരം 400 ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിനായി 81 കോടി രൂപയാണ് അനുവദിച്ചത്. ഇവിടെ നിർമിക്കാൻ ഉദ്ദേശിച്ചിരുന്ന 400 ഫ്ലാറ്റുകളുടെ സമുച്ചയത്തിൽ കേന്ദ്ര സർക്കാരിൽ നിന്നും ലഭ്യമാകാനുള്ള പാരിസ്ഥിതികാനുമതിയുമായി ബന്ധപ്പെട്ട കാലതാമസം മൂലം പദ്ധതി വൈകുമെന്നതിനാലാണ് ആദ്യ ഘട്ടമായി 332 ഫ്ലാറ്റുകളും രണ്ടാം ഘട്ടമായി പാരിസ്ഥിതികാനുമതി ലഭിച്ച ശേഷം 68 ഫ്ലാറ്റുകളും പൂർത്തിയാക്കാൻ തീരുമാനിച്ചത്.
തുടർച്ചയായ കടൽക്ഷോഭം മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയും തീരദേശ ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സർക്കാർ പുനർഗേഹം എന്ന ബൃഹത്തായ പദ്ധതിക്ക് രൂപം നൽകിയത്. 2019 ഡിസംബറിൽ 2,450 കോടി രൂപയുടെ ഭരണാനുമതി നൽകിയ പദ്ധതി വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ ചുറ്റളവിൽ താമസിക്കുന്ന 22,174 കുടുംബങ്ങളുടെ പുനരധിവാസമാണ് ലക്ഷ്യമിടുന്നത്. വ്യക്തികൾ സ്വന്തമായി ഭൂമി കണ്ടെത്തി വീട് നിർമ്മിക്കുക,ഗുണഭോക്താക്കളുടെ സംഘം ഭൂമി കണ്ടെത്തി ഫ്ലാറ്റുകൾ നിർമ്മിക്കുക,റവന്യൂ ഭൂമിയിലോ ഏറ്റെടുത്ത ഭൂമിയിലോ സർക്കാർ ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമ്മിച്ച് നൽകുക എന്നീ മാർഗങ്ങളാണ് പുനരധിവാസത്തിനായി സർക്കാർ മുന്നോട്ടുവെച്ചത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ തീരദേശത്ത്, പ്രത്യേകിച്ച് വലിയതുറ ഭാഗത്ത് കടൽക്ഷോഭം മൂലം താമസസ്ഥലവും ഭവനവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്നത് പ്രധാനാ ആവശ്യമായിരുന്നു. ഈ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് സർക്കാർ തന്നെ ഭൂമി കണ്ടെത്തി പുനരധിവസിപ്പിക്കാൻ തീരുമാനിച്ചത്. കൂടാതെ വീട് നഷ്ടപ്പെട്ട് വാടകവീടുകളിൽ താമസിക്കുന്നവർക്ക് കിടപ്പാടം പൂർത്തിയാകുന്നതുവരെ പ്രതിമാസം 5,500 രൂപ വീതം വീട്ടുവാടക നൽകാനും തീരുമാനിച്ചു.
തിരുവനന്തപുരം ജില്ലയിൽ ഇനിയും ദുരിതസാധ്യത മുന്നിൽക്കണ്ട് സർക്കാർ കൂടുതൽ ഭവന സമുച്ചയങ്ങൾക്കുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കടകംപള്ളി വേളിയിൽ 168 ഫ്ലാറ്റുകൾക്കും വലിയതുറ സെന്റ് ആന്റണീസ് സ്‌കൂളിന് സമീപം 24 ഫ്ലാറ്റുകൾക്കും ഭരണാനുമതി നൽകിക്കഴിഞ്ഞു. കൂടാതെ ഈ വർഷം ജില്ലയിൽ 168 വ്യക്തിഗത ഭവന നിർമാണത്തിനും അനുമതി നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷിത സാഹചര്യത്തിന് വിഘാതമാകുന്ന നിരവധി കാരണങ്ങളുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം വർധിച്ചുവരുന്ന കടൽക്ഷോഭവും കടൽ കയറ്റവും, ഭൂമിയുടെ ദൗർലഭ്യം, ഉയർന്ന ജനസാന്ദ്രത, തൊഴിൽപരമായ കാരണങ്ങളാൽ തീരത്ത് നിന്ന് അകലെ താമസിക്കാനുള്ള ബുദ്ധിമുട്ടുകൾ തുടങ്ങിയവ ഇവയിൽ ചിലതാണ്. ഈ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ വിവിധ ഭവന പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട്. ലൈഫ് മിഷൻ ആരംഭിച്ചതിന് ശേഷം, അർഹരായ എല്ലാ ഭവനരഹിതരും ഭൂരഹിതരുമായ മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലൈഫ് രണ്ടാം ഘട്ട (ഭവനരഹിതർ) പ്രകാരം, തിരഞ്ഞെടുത്ത 23356 മത്സ്യത്തൊഴിലാളി ഗുണഭോക്താക്കളിൽ 16086 കുടുംബങ്ങൾ കരാർ ഒപ്പിട്ടു. 14068 പേർ വീടുപണി പൂർത്തിയാക്കി. ലൈഫ് മൂന്നാം ഘട്ട (ഭൂരഹിതരും ഭവനരഹിതരും) പ്രകാരം 14879 ഗുണഭോക്താക്കളുടെ പട്ടിക അംഗീകരിച്ചു, അതിൽ 555 പേർ കരാർ ഒപ്പിട്ടു, അതിൽ 281 പേർ വീട് നിർമ്മാണം പൂർത്തിയാക്കി. ഓഖി ദുരന്തത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ട 32 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 3.44 കോടി രൂപ അനുവദിക്കുകയും അവർക്ക് വീടുകൾ നിർമ്മിച്ചു നൽകുകയും ചെയ്തു.
പുനർഗേഹം പദ്ധതിയുടെ ഭാഗമായി നിലവിൽ 9,104 കുടുംബങ്ങളാണ് മാറിത്താമസിക്കാൻ സന്നദ്ധത അറിയിച്ചത്. ഇതിൽ 4,421 കുടുംബങ്ങൾ ഭൂമി കണ്ടെത്തി ജില്ലാതല കമ്മിറ്റിയുടെ അംഗീകാരം നേടുകയും 2,488 കുടുംബങ്ങൾ ഭവനനിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. 568 കുടുംബങ്ങൾ ഭവനനിർമാണം ആരംഭിക്കേണ്ടതും 779 ഭവനങ്ങൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുമാണ്. തിരുവനന്തപുരത്ത് കാരോട് (128), ബീമാപള്ളി (20), കൊല്ലത്ത് ക്യൂഎസ്എസ് കോളനി (114), മലപ്പുറത്ത് പൊന്നാനി (128) എന്നിവിടങ്ങളിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ ഇതിനോടകം ഗുണഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. ഇപ്രകാരം 5361 പേർക്ക് പുനരധിവാസം പൂർത്തീകരിക്കാനും 2878 കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാനും കഴിഞ്ഞിട്ടുണ്ട്. ലൈഫ് ഭവന പദ്ധതിയിലൂടെയും പുനർഗേഹം പദ്ധതിയിലൂടെയും സംസ്ഥാനത്തൊട്ടാകെയുള്ള ഭൂരഹിതർക്കും ഭവനരഹിതർക്കും സുരക്ഷിത പാർപ്പിടം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് സർക്കാർ നീങ്ങുന്നത്.
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 18, 19 തീയതികളിൽ കേരള -യൂറോപ്യൻ യൂണിയൻ കോൺക്ലേവ് സംഘടിപ്പിക്കും. 27 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. സുസ്ഥിരമായ രീതിയിൽ സമുദ്ര വിഭവങ്ങൾ ഉപയോഗിച്ച് സാമ്പത്തിക വളർച്ച ശക്തിപ്പെടുത്തുന്നതിനും ഉപജീവനമാർഗങ്ങൾ മെച്ചപ്പെടുത്തുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമൊപ്പം പുതിയ ആവാസവ്യവസ്ഥയുടെ സംരക്ഷണം ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് കോൺക്ലേവിൽ മുന്നോട്ട് വയ്ക്കുകയെന്നും മന്ത്രി വ്യക്തമാക്കി.