ബാലസാഹിത്യത്തില്‍ യാഥാര്‍ത്ഥ്യബോധം അനിവാര്യമാകണം
കുട്ടികള്‍ക്കായുള്ള സാഹിത്യ സൃഷ്ടികളില്‍ ഇനിയങ്ങോട്ട് യാഥാര്‍ത്ഥ്യബോധം അനിവാര്യമാണെന്ന് ബാലസാഹിത്യ രചയിതാക്കള്‍ പറഞ്ഞു. മുത്തശ്ശിക്കഥകള്‍ അപ്പാടെ വിശ്വസിക്കുന്ന കുട്ടികള്‍ അല്ല പുതുതലമുറയിലേതെന്നും പുസ്തകോത്സവത്തിലെ ഉണ്ണികളെ ഒരു കഥ പറയാം എന്ന പാനല്‍ ചര്‍ച്ച അഭിപ്രായപ്പെട്ടു.
കുട്ടികളില്‍ വിസ്മയവും ആകാംക്ഷയും വളര്‍ത്തുകയാണ് കഥകളുടെ ലക്ഷ്യമെന്ന് സിബി ജോണ്‍ തൂവല്‍ പറഞ്ഞു. കാലാനുസൃതമായ അറിവുകളും മൂല്യങ്ങളും അതോടൊപ്പം പങ്കുവയ്ക്കപ്പെടണം. അങ്ങനെ കഥകള്‍ അവര്‍ക്ക് നല്ല വായനാ വിഭവമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. പുതുമയുള്ള വായനാനുഭവം നല്‍കണമെന്ന ഉദ്ദേശത്തോടെയാണ് മണ്‍പാവ @ സിനിഫൈല്‍സ് എന്ന പുസ്തകം തയാറാക്കിയതെന്ന് കൃപ അമ്പാടി പറഞ്ഞു.
ബാലസാഹിത്യത്തിനും സാഹിത്യ ചരിത്രം തയാറാക്കണമെന്നും ഭാവിതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ സുപ്രധാന പങ്കു വഹിക്കുന്ന സാഹിത്യകാരന്മാര്‍ അറിയപ്പെടേണ്ടതുണ്ടെന്നും ഡോ കെ ശ്രീകുമാര്‍ പറഞ്ഞു.
രക്ഷകര്‍ത്താക്കള്‍ കുട്ടികളുടെ നല്ല സുഹൃത്തുക്കളായിരിക്കണമെന്നും അവര്‍ക്ക് നല്ല സുഹൃത്തുക്കളെ തെരഞ്ഞെടുത്തു നല്‍കണമെന്നും ഉണ്ണി അമ്മയമ്പലം പറഞ്ഞു. കുട്ടികളുടെ മനസ്സ് പുസ്തകങ്ങളിലൂടെ മികച്ചരീതിയില്‍ പാകപ്പെടുത്തിയെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജു തുറയില്‍കുന്ന് മോഡറേറ്റര്‍ ആയിരുന്നു.