
കാനറാ ബാങ്കിൽ 53 കോടി രൂപയുടെ സ്വർണ്ണം കവർച്ച
കാനറ ബാങ്കിന്റെ വിജയപുര മംഗോളി ശാഖയിൽ 53.26 കോടി രൂപയുടെ സ്വർണ്ണവും പണവും കൊള്ളയടിച്ച കേസിൽ ബാങ്ക് മാനേജർ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.ബാങ്ക് മാനേജർ വിജയകുമാർ മിരിയാല (41), കൂട്ടാളികളായ ചന്ദ്രശേഖർ നെരെല്ല (38), സുനിൽ നരസിംഹലു മോക്ക (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മെയ് 25 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
വിജയകുമാർ മിരിയാല മുമ്പ് ബ്രാഞ്ച് മാനേജരായി സേവനമനുഷ്ഠിച്ച വിജയപുര ജില്ലയിലെ ബസവൻബാഗേവാഡി താലൂക്കിലെ കാനറ ബാങ്കിന്റെ മംഗോളി ശാഖയിലാണ് കവർച്ച നടന്നത്. ബാങ്ക് ലോക്കറിൽ നിന്ന് 53.26 കോടി രൂപ വിലമതിക്കുന്ന 58.97 കിലോഗ്രാം സ്വർണ്ണാഭരണങ്ങളും 5.2 ലക്ഷം രൂപ പണവും മോഷ്ടിക്കപ്പെട്ടതായി വിജയപുര പോലീസ് സൂപ്രണ്ട് ലക്ഷ്മൺ നിംബർഗി പറഞ്ഞു.വിജയകുമാർ മിരിയാല നിലവിൽ കാനറ ബാങ്കിന്റെ ഹുബ്ബള്ളി ശാഖയിലെ സീനിയർ മാനേജരാണ്.