
ജലനിരപ്പ് ഉയരുന്നു; മലമ്പുഴ ഡാം നാളെ തുറക്കും
കനത്ത മഴയിൽ ജലനിരപ്പുയരുന്നതിനാൽ പാലക്കാട് മലമ്പുഴ ഡാം നാളെ തുറക്കും. മലമ്പുഴ ഡാമിൽ ജൂൺ 1 മുതൽ 30 വരെ റൂൾ കർവ് പ്രകാരം നിലനിർത്തേണ്ട ജലനിരപ്പ് 110.49 മീറ്റർ ആണ്. 111.19 മീറ്ററാണ് നിലവിൽ ഡാമിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഡാമിലേക്കുള്ള നീരോഴുക്ക് വർധിക്കുന്നതിനാൽ റൂൾ കർവിൽ ജലനിരപ്പ് നിർത്തുന്നതിനായാണ് ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നത്. വെള്ളിയാഴ്ച രാവിലെ മലമ്പുഴ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു. അതിനാൽ കൽപ്പാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും നിർദേശമുണ്ട്.