
പുതുവേഗത്തിൽ ജലഗതാഗതം !
കേരളത്തിന്റെ തനത് ഗതാഗത മാർഗ്ഗങ്ങളിലൊന്നായ ജലഗതാഗത മേഖലയിൽ ആധുനികവൽക്കരണത്തിന്റെയും കാര്യക്ഷമതയുടെയും പാതയിൽ വലിയ മുന്നേറ്റവുമായി സംസ്ഥാന ജലഗതാഗത വകുപ്പ്. അടിസ്ഥാനസൗകര്യ വികസനത്തിലും സാങ്കേതികവിദ്യയുടെ വിനിയോഗത്തിലും വരുമാനം വർദ്ധിപ്പിക്കുന്നതിലും വകുപ്പ് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
2023-ൽ ആയിറ്റി സ്ലിപ്പ് വേയുടെ നിർമ്മാണം പൂർത്തിയായത് ജലഗതാഗത മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലെ പ്രധാന നാഴികക്കല്ലാണ്. ഇത് ബോട്ടുകളുടെ അറ്റകുറ്റപ്പണികൾക്കും വലിയ സഹായകമാകും.
വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ 2022-ഓടെ ഡയറക്ടറേറ്റിലും എല്ലാ മേഖലാ കാര്യാലയങ്ങളിലും ‘ഇ-ഓഫീസ്’ സംവിധാനം വിജയകരമായി നടപ്പാക്കി. കൂടാതെ, 2023-ൽ ആധാർ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കിയത് ജീവനക്കാരുടെ ഹാജർ കൃത്യമായി രേഖപ്പെടുത്താനും പ്രവർത്തനങ്ങൾ കൂടുതൽ ചിട്ടപ്പെടുത്താനും സഹായിച്ചു.
എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം ലക്ഷ്യമിട്ട്, 2025-ൽ ഭിന്നശേഷിക്കാരായ യാത്രക്കാർക്കായി ഓൺലൈൻ പാസ് ബുക്കിംഗ് സോഫ്റ്റ്വെയർ നടപ്പിലാക്കി. ഇത് അവർക്ക് കൂടുതൽ എളുപ്പത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും യാത്ര ചെയ്യാനുമുള്ള സൗകര്യം ഒരുക്കുന്നു.
സീ അഷ്ടമുടി, പൊതുജനങ്ങൾക്ക് റോഡു പോലെ തന്നെ ജലഗതാഗതവും ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ സർവീസ് നൽകുന്ന വാട്ടർ ടാക്‌സി, വേഗ-2 ബോട്ട്, അപകട സാഹചര്യങ്ങളിൽ സഹായമൊരുക്കാൻ റെസ്‌ക്യു ബോട്ട്, വായു മലിനീകരണങ്ങൾ കുറയ്ക്കുന്നതിനായി സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ആദിത്യ ബോട്ട് തുടങ്ങി നിരവധി സർവ്വീസുകളാണ് വകുപ്പ് ഒരുക്കിയിട്ടുള്ളത്.
വകുപ്പിൽ ബജറ്റ് ടൂറിസം പദ്ധതി നടപ്പാക്കിയത് വലിയ വിജയമാണ്. ഇത് ഓപ്പറേറ്റിംഗ് കോസ്റ്റ് ഗണ്യമായി കുറയ്ക്കാനും അതേസമയം വകുപ്പിന്റെ വരുമാനം വർദ്ധിപ്പിക്കാനും സഹായിച്ചു. ആകർഷകമായ യാത്രാ പാക്കേജുകളിലൂടെ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ സാധിച്ചത് വകുപ്പിന് സാമ്പത്തിക ഭദ്രത നൽകി. സംസ്ഥാന ജലഗതാഗത വകുപ്പ് നൂതനമായ സമീപനങ്ങളിലൂടെയും ജനങ്ങൾക്ക് മികച്ച യാത്രാനുഭവം ഉറപ്പാക്കുകയും സംസ്ഥാനത്തിന്റെ വികസനത്തിന് കാര്യമായ സംഭാവന നൽകുകയും ചെയ്യുന്നു.
കരുത്തോടെ കേരളം- 71