
‘ഭീകരാക്രമണം നടത്തിയവർ സ്വാതന്ത്യ സേനാനികള്‍’; പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രിയുടെ പരാമർശം വിവാദത്തിൽ
ജമ്മുകശ്‍മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവരെ സ്വാതന്ത്യ സേനാനികളെന്ന് വിശേഷിപ്പിച്ച് പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ. പഹൽഗാമിലെ തീവ്രവാദ ആക്രമണത്തെ ചൊല്ലി ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷസാധ്യത വർധിക്കവേയാണു മന്ത്രിയുടെ വിവാദ പരാമർശം.
‘‘ജമ്മുകശ്മീരിലെ പഹൽഗാമിൽ ഏപ്രിൽ 22ന് ആക്രമണം നടത്തിയവർ സ്വാതന്ത്യ സേനാനികളാണ്. സിന്ധു നദീജല കരാർ മരവിപ്പിച്ചത് യുദ്ധത്തിന് സമാനമാണ്. പാക്കിസ്ഥാനിലെ 240 മില്യൻ ജനങ്ങൾക്കു വെള്ളം ആവശ്യമാണ്. അതു നിങ്ങൾക്കു നിർത്താൻ കഴിയില്ല. അതിന്മേലുള്ള ഏതെങ്കിലും തരത്തിലുള്ള കടന്നുകയറ്റം അംഗീകരിക്കാനും കഴിയില്ല’’– ഇഷാഖ് ദാർ പറഞ്ഞു.
സിന്ധു നദീജല കരാർ മരവിപ്പിച്ചതു യുദ്ധത്തിന് സമാനമാണെന്നു പാക്കിസ്ഥാൻ സർക്കാരും വ്യക്തമാക്കിയിരുന്നു. സിന്ധു നദീജല കരാർ പ്രകാരം പാക്കിസ്ഥാനു ലഭിക്കേണ്ട ജലം തടയുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നതു യുദ്ധപ്രവർത്തനമായി കാണുമെന്നായിരുന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ നടന്ന ദേശീയ സുരക്ഷാസമിതി യോഗത്തിനു പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞത്.