
'ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ല'; ഇന്ത്യ തിരിച്ചടിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നിരപരാധികളുടെ ജീവന്‍ കവര്‍ന്ന ഭീകരാക്രമണത്തില്‍ പ്രതികരിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഭീകരാക്രമണത്തെ അപലപിച്ച കേന്ദ്രമന്ത്രി, ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രതികരിച്ചു. ഭീകരവാദത്തോട് ഒരു വിട്ടുവീഴ്ചയുമില്ല. ഇന്ത്യ തക്കതായ മറുപടി നല്‍കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. സൈനിക വിഭാഗം മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.
ഇന്ത്യന്‍ മണ്ണില്‍ ഇത്തരം നീചപ്രവൃത്തികള്‍ അനുവദിക്കില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഗൂഢാലോചന നടത്തിയവരേയും ഭീകരവാദികള്‍ക്ക് സംരക്ഷണമൊരുക്കുന്നവരേയും പിടികൂടും. രാജ്യം ഒറ്റക്കെട്ടായി പോരാടും. നഷ്ടപ്പെട്ടത് നിരവധി നിരപരാധികളുടെ ജീവനാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.