
‘സുരക്ഷാവീഴ്ച വ്യക്തം’; സർക്കാർ നടപടികള്‍ക്ക് പിന്തുണയെന്ന് പ്രതിപക്ഷം, പ്രധാനമന്ത്രി യോഗത്തിൽ പങ്കെടുക്കാത്തതിൽ വിമർശനം
ന്യൂഡൽഹി∙ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ വിളിച്ച സർവകക്ഷിയോഗം അവസാനിച്ചു. ബൈസരൺവാലിയിലെ സുരക്ഷാവീഴ്ചയെ സംബന്ധിച്ച നിർണായക വിവരങ്ങൾ യോഗം ചർച്ച ചെയ്തു. ആക്രമണത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ യോഗത്തിൽ വിശദീകരിച്ചു.
എന്തുകൊണ്ടു സുരക്ഷാ സേനയുടെ സാന്നിധ്യം അക്രമണം നടന്ന സ്ഥലത്ത് ഉണ്ടായില്ലെന്ന ചോദ്യത്തിന്, സാധാരണയായി അമർനാഥിലെ തീർഥാടനത്തിനും വിനോദസഞ്ചാരികൾക്കുമായി ജൂണിലാണ് ബൈസരൺവാലിയിലേക്ക് പ്രവേശനം അനുവദിക്കാറുള്ളതെന്നും എന്നാൽ സുരക്ഷാ സേനയുടെ അറിവില്ലാതെ ഇത്തവണ ഏപ്രിൽ 20 ന് തന്നെ പ്രദേശം തുറന്നുകൊടുക്കുകയായിരുന്നുവെന്നുമാണ് മറുപടി പറഞ്ഞത്.
സുരക്ഷാവീഴ്ചയുണ്ടായി എന്നത് വ്യക്തമാണെന്നും ഇത്തരത്തിൽ ഒരു നീക്കം സംഭവിച്ചത് അന്വേഷണവിധേയമാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടുമിനിറ്റ് മൗനം ആചരിച്ചശേഷമാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തിൽ യോഗം ആരംഭിച്ചത്.