
പുൽവാമ, പഹൽഗാം ഭീകരാക്രമണങ്ങളെക്കുറിച്ച് വിവാദ പരാമർശം; അസമിൽ എംഎൽഎ അറസ്റ്റിൽ
ജമ്മു കശ്മീരിലെ പഹൽഗാമിലും പുൽവാമയിലും നടന്ന ഭീകരാക്രമണങ്ങളെക്കുറിച്ച് വിവാദ പരാമർശം നടത്തിയതിന് അസമിൽ എംഎൽഎ അറസ്റ്റിൽ. പ്രതിപക്ഷ പാർട്ടിയായ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) എംഎൽഎയായ അമിനുൾ ഇസ്ലാമണ് അറസ്റ്റിലായത്. എംഎൽഎക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
2019ൽ പുൽവാമയിൽ നടന്ന ചാവേർ ബോംബാക്രമണവും പഹൽഗാമിലെ ഭീകരാക്രമണവും സർക്കാരിന്റെ ഗൂഢാലോചനകളാണെന്നായിരുന്നു അമിനുൾ ഇസ്ലാമിന്റെ പരാമർശം. അമിനുൾ ഇസ്ലാം വിവാദ പരാമർശം നടത്തുന്നതിന്റെ വിഡിയോ പ്രചരിച്ചതോടെ അസം പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. അമിനുൾ ഇസ്ലാം പരസ്യമായി നടത്തിയ തെറ്റിദ്ധരിപ്പിക്കുന്നതും പ്രകോപനപരവുമായ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടത്തത്.