
പാകിസ്താനി നടന്റെ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യില്ല; പ്രദർശന അനുമതി നിഷേധിച്ച് കേന്ദ്രം
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താൻ നടനായ ഫവാദ് ഖാന്റെ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യില്ല. ഫവാദ് ഖാൻ നായകനായ ‘അബിർ ഗുലാൽ’ എന്ന ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. മെയ് ഒമ്പതിനാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നത്. ചിത്രം റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് വകുപ്പിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് വിവരം. വാണി കപൂറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
ആരതി എസ് ബാഗ്ദി സംവിധാനം ചെയ്ത ചിത്രത്തിന്റെ കാസ്റ്റിംഗിനെ ചൊല്ലി നേരത്തെയും വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ വിവാദങ്ങൾ കെട്ടണയും മുമ്പാണ് പഹൽഗാമിൽ ഭീകരാക്രമണം ഉണ്ടായത്. ഇതോടെ ഫവാദിനും ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും നേരെ വലിയ തോതിൽ ജനരോക്ഷം ഉയർന്നു. പിന്നാലെ റിലീസ് തീയതി നീട്ടുന്നതിനെ കുറിച്ച് അണിയറപ്രവർത്തകർ ചർച്ച നടത്തിയിരുന്നു. ഇതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് തന്നെ കടുത്ത തീരുമാനം വന്നത്.
2016-ൽ ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഫവാദ് ഖാൻ പ്രധാനവേഷത്തിലെത്തിയ ‘എയ് ദിൽ ഹെ മുഷ്കിൽ’ എന്ന ചിത്രവും റിലീസിന് അനുവദിച്ചിരുന്നില്ല. എന്നാൽ സംവിധായകന്റെ മാപ്പപേക്ഷ പരിഗണിച്ചാണ് അന്ന് റിലീസ് ചെയ്യാൻ അനുവദിച്ചത്. വീണ്ടും ഫവാദിന്റെ മറ്റൊരു സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് പാക് ഭീകരരുടെ ആക്രമണമുണ്ടായത്. സിനിമയുടെ നിർമാതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്നും ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് (FWICE) പ്രസിഡന്റ് ബിഎൻ തിവാരി പറഞ്ഞു. സിനിമയുടെ ഗാനങ്ങളോ മറ്റ് ദൃശ്യങ്ങളോ രാജ്യത്ത് എവിടെയും പ്രദർശിപ്പിക്കില്ല. പാകിസ്താൻ കലാകാരന്മാരുമായി ഒരു തരത്തിലും സഹകരിക്കരുതെന്ന് എല്ലാ അഭിനേതാക്കളോടും അണിയറപ്രവർത്തകരോടും നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.