
സിന്ധു നദീജല കരാർ മരവിപ്പിച്ചു, അട്ടാരി - വാഗ അതിർത്തി അടയ്ക്കും; ഭീകരാക്രമണത്തിൽ നടപടിയുമായി ഇന്ത്യ
പഹൽഗാമിൽ ചൊവ്വാഴ്ച നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് പാകിസ്ഥാനെതിരെ നയതന്ത്ര നടപടികൾ സ്വീകരിച്ച് ഇന്ത്യ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ബുധൻ വൈകുന്നേരം സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി(സിസിഎസ്) യോഗം ചേർന്നു. യോഗത്തിലായിരുന്നു തീരുമാനം. ആക്രമണത്തെ തുടർന്ന് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് സുരക്ഷാ നടപടികൾ സ്വീകരിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു.
● പാകിസ്ഥാൻ പൗരൻമാർക്കുള്ള സാർക്ക് വിസ ഇളവുകൾ റദ്ദാക്കി. നിലവിൽ എസ്‍വിഇഎസ് വിസ പ്രകാരം ഇന്ത്യയിലുള്ള പാക് പൗരൻമാർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണം. നിലവിൽ മുമ്പ് അനുവദിച്ച വിസകൾ റദ്ദാക്കുകയും ഇനി വിസ അനുവദിക്കില്ലെന്ന് അറിയിക്കുകയും ചെയ്തു.
● അട്ടാരി - വാഗ അതിർത്തി യുദ്ധകാലാടിസ്ഥാനത്തിൽ അടയ്ക്കും. കൃത്യമായ രേഖകളുമായി അതിർത്തി കടക്കുന്നവർ മെയ് ഒന്നിനു മുമ്പ് തിരികെയെത്തണം.
● 1960 ലെ സിന്ധു നദീജല കരാർ മരവിപ്പിച്ചു.
● പാകിസ്ഥാൻ ഹൈക്കമീഷനിലെ പ്രതിരോധ/സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കൾ ഒരാഴ്‌ചയ്ക്കകം ഇന്ത്യ വിടണം. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമീഷനിൽ നിന്ന് ഇന്ത്യൻ പ്രതിരോധ/നാവിക/വ്യോമ ഉപദേഷ്ടാക്കളെയും രണ്ട് ഹൈക്കമീഷനുകളിൽ നിന്നും സർവീസ് അഡ്വൈസർമാരുടെ അഞ്ച് സപ്പോർട്ട് സ്റ്റാഫുകളെയും പിൻവലിക്കും.
● 2025 മെയ് 01 ഓടെ ഹൈക്കമീഷനുകളുടെ ആകെ അംഗസംഖ്യ നിലവിലുള്ള 55 ൽ നിന്ന് 30 ആയി കുറയ്ക്കും.
രാജ്യത്തിന്റെ മൊത്തത്തിലുള്ള സുരക്ഷാ സാഹചര്യം സിസിഎസ് അവലോകനം ചെയ്യുകയും എല്ലാ സേനകളോടും ഉയർന്ന ജാഗ്രത പാലിക്കാൻ സിസിഎസ് നിർദ്ദേശിക്കുകയും ചെയ്തു.