
വഖഫ് ബിൽ: ആഞ്ഞടിച്ച് രാധാകൃഷ്ണനും വേണുഗോപാലും; കേരളം പാസാക്കിയ പ്രമേയം അറബിക്കടലിൽ മുങ്ങുമെന്ന് സുരേഷ് ഗോപി
വഖഫ് നിയമഭേഗഗതി ബില്ലിന്മേലുള്ള ചർച്ച ലോക്സഭയിൽ തുടരുകയാണ്. ബില്ലിലൂടെ മുസ്ലിം വിഭാഗത്തെ ഒറ്റപ്പെടുത്താൻ ശ്രമമെന്ന് സിപിഐഎം അംഗം കെ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. വഖഫ് ബില്ലിന് എതിരെ നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലിലാകുമെന്ന് സുരേഷ് ഗോപിയും മറുപടി നൽകി. ബിജെപി മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കാൻ ശ്രമിക്കുന്നുവെന്ന് കെസി വേണുഗോപാൽ കുറ്റപ്പെടുത്തി.
പ്രതിപക്ഷത്തിന്റേത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നാണ് ലോക്സഭയിൽ അമിത് ഷായുടെ പ്രതികരണം. വഖഫ് ബിൽ മുസ്ലിം വിരുദ്ധമല്ലെന്നും ബില്ലിന്റെ പേരിൽ ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കുമിടെയാണ് വഖഫ് നിയമഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. ആരാധനാലയങ്ങൾ നിയന്ത്രിക്കാനല്ല, വഖഫ് ഭൂമികൾ നിയന്ത്രിക്കാൻ മാത്രമാണ് ബില്ലെന്നും ബിൽ അവതരണം നടത്തി ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു പറഞ്ഞു. ബിൽ അവതരണത്തിൽ തടസ്സവാദവുമായി രംഗത്തെത്തിയ പ്രതിപക്ഷം, ബിൽ സമൂഹത്തെ വിഭജിക്കുന്നതാണെന്ന് കുറ്റപ്പെടുത്തി.
അതിനിടെ കെ രാധാകൃഷ്ണന്റെ പ്രസംഗത്തിനെതിരെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി രംഗത്തെത്തി. തന്റെ പേര് അനാവശ്യമായി രാധാകൃഷ്ണന്‍ വലിച്ചിഴയ്ക്കുന്നതായി സുരേഷ് ഗോപി ആരോപിച്ചു. ബില്ലിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം നാളെ ബില്‍ പാസാക്കുന്നതോടെ അറബിക്കടലില്‍ മുങ്ങുമെന്ന് സുരേഷ് ഗോപി പരിഹസിച്ചു. അതിനായി കാത്തിരിക്കൂവെന്നും സുരേഷ് ഗോപി പറഞ്ഞു.