
സിപിഐഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ മധുരയില്‍ തുടക്കം; 80 നിരീക്ഷകരടക്കം 811 പ്രതിനിധികള്‍ പങ്കെടുക്കും
സിപിഐഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ തമിഴ്‌നാട്ടിലെ മധുരയില്‍ തുടക്കം. തമുക്കം മൈതാനത്തെ സീതാറാം യെച്ചൂരി നഗറില്‍ ഈ മാസം ആറ് വരെയാണ് പാര്‍ട്ടി കോണ്‍ഗ്രസ്. എണ്‍പത് നിരീക്ഷകരടക്കം 811 പ്രതിനിധികള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കും.
സിപിഐഎം സംഘടനാപരമായി ലക്ഷ്യമിടുന്നത് തമിഴ്നാട്ടില്‍ പാര്‍ട്ടി കരുത്ത് അര്‍ജിക്കുക എന്നതാണ്. 2008 ഏപ്രിലില്‍ നടന്ന കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം ഇപ്പോഴാണ് തമിഴ്‌നാട്ടില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. സ്റ്റാലിനുമായുള്ള രാഷ്ട്രീയം ഐക്യവും സമ്മേളന ആവേശവും എല്ലാം ഉപയോഗിച്ച് പാര്‍ട്ടി ശക്തി പെടുത്താന്‍ തമിഴ്‌നാട് ഘടകവും ലക്ഷ്യമിടുകയാണ്.
സമ്മേളനം മികച്ചതാക്കി രാഷ്ട്രീയം നേട്ടം കൊയ്യാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. രാഷ്ട്രീയ നയരേഖ അംഗീകരിക്കല്‍, സംഘടനാ റിപ്പോര്‍ട്ട് ചര്‍ച്ച, റിവ്യൂ റിപ്പോര്‍ട്ട് ചര്‍ച്ച എന്നിവ സമ്മേളനത്തിലെ അജണ്ടയാണ്. എന്നാല്‍ പാര്‍ട്ടിയെ ഇനി ആരു നയിക്കും എന്നതാണ് പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങുമ്പോഴുള്ള പ്രധാന ചര്‍ച്ച. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തെ തുടര്‍ന്ന് പി ബി കോഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന പ്രകാശ് കാരാട്ട് വീണ്ടും ജനറല്‍ സെക്രട്ടറി ആകുമോ എന്നത് പ്രധാന വിഷയം ആണ്. കേരള മുഖ്യമന്ത്രി പിണറായി വിജയന് അനുവദിച്ച പ്രായ പരിധി ഇളവ് പ്രകാശ് കാരാട്ടിന് ഉണ്ടാകുമോ എന്നത് നിര്‍ണ്ണായകം. ബൃന്ദ കാരാട്ട്, സുഭാഷിണി അലി തുടങ്ങിയവരും പി ബിയില്‍ തുടരുമോ എന്നതും പ്രധാനമാണ്.
വനിത ജനറല്‍ സെക്രട്ടറി ഇത്തവണ ഉണ്ടാകില്ലെന്ന് ബൃന്ദ കാരാട്ട് പ്രതികരിച്ചു. പൊളിറ്റ്ബ്യൂറോയിലും കേന്ദ്രകമ്മറ്റിയിലും കൂടുതല്‍ വനിത പ്രതിനിധ്യം ഉണ്ടാകുമെന്നും താനും സുഭാഷിണി അലിയും പ്രായപരിധി പൂര്‍ത്തിയാക്കി പി ബി യില്‍ നിന്നും മാറുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. പിണറായി വിജയന് പ്രായപരിധിയില്‍ ഇളവ് നല്‍കിയത് മാറ്റേണ്ട സാഹചര്യം ഇത്തവണ ഇല്ലെന്നും അവര്‍ വ്യക്തമാക്കി.
പിബിയില്‍ എത്തുമോ എന്ന ചോദ്യത്തിന് ഒന്നും തീരുമാനമായിട്ടില്ലെന്നായിരുന്നു കെ കെ ശൈലജയുടെ മറുപടി. പ്രായപരിധിയില്‍ ഇളവ് നല്‍കണമെന്ന് കേന്ദ്ര കമ്മിറ്റി തീരുമാനിക്കും. പ്രായം കൊണ്ട് ആരും പാര്‍ട്ടിയില്‍ നിന്ന് ഒഴിഞ്ഞു പോകുന്നില്ല. ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കാനാണ് കമ്മറ്റിയില്‍ നിന്ന് ഒഴിയുന്നത്. ഒഴിയുന്നവരും പാര്‍ട്ടിയുടെ ഭാഗമായി ഉണ്ടാകും. പാര്‍ട്ടിയിലെ കേഡര്‍മാര്‍ക്ക് റിട്ടയര്‍മെന്റ് ഇല്ല – കെ കെ ശൈലജ വ്യക്തമാക്കി.