
തിരുവനന്തപുരത്ത് എംഡിഎംഎയുമായി 4 യുവാക്കള്‍ അറസ്റ്റില്‍
തിരുവനന്തപുരത്ത് 11.95 ഗ്രാം എംഡിഎംഎയുമായി നാല് യുവാക്കൾ അറസ്റ്റിൽ. വർക്കല അയിരൂർ കിഴക്കേപ്പുറം കളീക്കൽ ഷരാഷോർ വീട്ടിൽ എസ് ഹാർമിൻ (19), അയിരൂർ കിഴക്കേപ്പുറം കളീക്കൽ പള്ളി കിഴക്കതിൽ വീട്ടിൽ എസ് അൽ അമീൻ (21), കല്ലുവാതുക്കൽ ശ്രീരാമപുരം ശ്രീ അഞ്ജന വീട്ടിൽ എ ആദിത്യൻ (20), അയിരൂർ കിഴക്കേപ്പുറം കുന്നിൽ ചരുവിള വീട്ടിൽ എച്ച് അൽ അമീൻ (28) എന്നിവരാണ് പിടിയിലായത്. തിങ്കൾ പകൽ രണ്ടോടെ കാറിൽ സഞ്ചരിക്കുകയായിരുന്ന സംഘത്തെ മുതലപ്പൊഴിക്ക് സമീപത്തുവച്ച് റൂറൽ ഡാന്‍സാഫ് സംഘമാണ് പിടികൂടിയത്. ഇവരെ അഞ്ചുതെങ്ങ് പൊലീസിന് കൈമാറി. ഡാൻസാഫ് ടീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതികളുടെ പോക്കറ്റിൽനിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. ഒരുലക്ഷം രൂപ വിലവരുമെന്നാണ് നിഗമനം. ബംഗളൂരുവിൽനിന്ന് വിമാനമാർഗം ഹാർമിനാണ് എംഡിഎംഎ കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.