
CPIM പാർട്ടി കോൺഗ്രസിന് മധുരയിൽ തുടക്കം; ബിമൻ ബസു പതാക ഉയർത്തി
രാജ്യം നേരിടുന്ന വെല്ലുവിളികൾക്കെതിരായ പുത്തൻപോരാട്ടങ്ങൾക്ക് ഇന്ധനമാകാൻ സിപിഐ എം 24-ാം പാർട്ടി കോൺഗ്രസിന് മധുരയിൽ പതാക ഉയർന്നു. . ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തിൽ ബിമൻ ബസുവാണ് പതാക ഉയർത്തിയത്. നവ ഫാസിസ്‌റ്റു പ്രവണതകൾ ഉയർത്തുന്ന പുതിയ വെല്ലുവിളികൾ നേരിട്ട് കൂടുതൽ മെച്ചപ്പെട്ട ഇന്ത്യയ്‌ക്കായുള്ള പോരാട്ടങ്ങൾക്ക് പാർട്ടികോൺഗ്രസ് രൂപംനൽകും.
വിവിധ പോരാട്ടനിലങ്ങളിൽ ജീവൻവെടിഞ്ഞ രക്തസാക്ഷികളുടെ ഉൾപ്പെടെയുള്ള സ്മൃതികുടീരങ്ങളിൽനിന്ന് പ്രയാണം തുടങ്ങിയ അഞ്ച് ദീപശിഖ റാലി ചൊവ്വ വൈകിട്ട് ആവേശകരമായ അന്തരീക്ഷത്തിൽ ആയിരങ്ങളെ സാക്ഷിനിർത്തി സീതാറാം യെച്ചൂരി നഗറിൽ സംഗമിച്ചു. തുടർന്ന് ബുധൻ രാവിലെ എട്ടിന് സമ്മേളന നഗറിൽ ദീപശിഖ ജ്വലിപ്പിച്ചു. കീഴ്‌വെൺമണി രക്തസാക്ഷികളുടെ സ്മൃതികുടീരത്തിൽനിന്ന് കേന്ദ്രകമ്മിറ്റിഅംഗം യു വാസുകിയുടെ നേതൃത്വത്തിൽ കൊണ്ടുവരുന്ന പതാക രാവിലെ എട്ടിന് കൺട്രോൾ കമീഷൻ ചെയർമാൻ എ കെ പത്മനാഭൻ ഏറ്റുവാങ്ങി. തുടർന്ന് ബിമൻ ബസു പതാക ഉയർത്തുകയായിരുന്നു.